ബെംഗളൂരു: ബൈജൂസിന്റെ ജീവനക്കാർക്ക് കത്തയച്ച് ബൈജു രവീന്ദ്രൻ. ബൈജൂസിന്റെ സിഇഒ സ്ഥാനത്ത് ഇപ്പോഴും താനാണെന്നും ആ സ്ഥാനത്തിന് മാറ്റം വന്നിട്ടില്ലെന്നും കത്തിൽ പറയുന്നു. ബൈജു രവീന്ദ്രനെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് ഓഹരിയുടമകൾ നടത്തിയ യോഗം നിയമവിരുദ്ധമാണെന്ന് പറഞ്ഞും ബൈജു രവീന്ദ്രൻ പ്രസ്താവന ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാർക്ക് കത്തെഴുതിയിരിക്കുന്നത്.
” ബൈജൂസിന്റെ സിഇഒ എന്ന നിലയിലാണ് നിങ്ങൾക്ക് ഞാൻ ഈ കത്ത് എഴുതുന്നത്. മാദ്ധ്യമങ്ങളിൽ പ്രസ്താവിക്കുന്നതു പോലെ ഞാൻ കമ്പനിയിൽ നിന്നും പുറത്താക്കപ്പെട്ടിട്ടില്ല. എന്നെ പുറത്താക്കാൻ നടത്തിയ യോഗം നിയമ വിരുദ്ധമാണെന്ന് ഞാൻ ആവർത്തിക്കുന്നു. ബൈജൂസിന്റെ മാനേജ്‌മെന്റിലോ ബോർഡിലോ മാറ്റങ്ങളില്ല”.- ബൈജൂ രവീന്ദ്രൻ കുറിച്ചു.
ഇന്നലെയാണ് ബൈജുവിനെ സിഇഒ സ്ഥാനത്ത് നിന്നും നീക്കണമെന്നാവശ്യപ്പെട്ട് നിക്ഷേപകർ യോഗം കൂടിയത്. പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യോഗത്തിൽ പ്രോസ് എൻവി, പീക് എക്‌സി എന്നീ നിക്ഷേപകർ വോട്ട് ചെയ്തിരുന്നു. തനിക്കെതിരെ നിക്ഷേപകർ നടത്തിയ നീക്കം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ബൈജു ജീവനക്കാർക്ക് കത്തെഴുതുകയായിരുന്നു.















