ന്യൂഡൽഹി: ഭാരതത്തിലെ ഏറ്റവും നീളം കൂടിയ കേബിൾ പാലമായ ഗുജറാത്തിലെ സുദർശൻ സേതു ഇന്ന് രാജ്യത്തിന് സമർപ്പിക്കും. ഒഖ മെയിൻലാൻഡിനെയും ബെയ്റ്റ് ദ്വാരക (Beyt Dwarka) ദ്വീപിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണിത്. ദ്വിദിന സന്ദർശനത്തിനായി കഴിഞ്ഞ ദിവസം ഗുജറാത്തിലെത്തിയ പ്രധാനമന്ത്രി പാലത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. ഇതോടെ ദ്വാരകയിൽ നിന്നും ബെയ്റ്റ് ദ്വാരകയിലേക്ക് യാത്ര ചെയ്യുന്ന തീർത്ഥാടകർക്ക് ഗതാഗതം എളുപ്പമാകും.
980 കോടി രൂപ മുതൽമുടക്കിൽ പണി കഴിപ്പിച്ച നാലുവരി പാതയുള്ള പാലമാണിത്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ പാലമെന്ന ബഹുമതി സുദർശൻ സേതുവിന് സ്വന്തമാണ്. 2.32 കിലോ മീറ്ററാണ് പാലത്തിന്റെ നീളം. ഒഖ-ബെയ്റ്റ് ദ്വാരക സിഗ്നേച്ചർ ബ്രിഡ്ജ് എന്നും ഇത് അറിയപ്പെടുന്നു.
വ്യത്യസ്തമായ രൂപകൽപനയിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്. ഭഗവദ്ഗീതയിലെ വാക്യങ്ങളും ഭഗവാൻ ശ്രീകൃഷ്ണന്റെ രൂപങ്ങളും പാലത്തിന്റെ ഇരുവശങ്ങളിലും ചിത്രീകരിച്ചിട്ടുണ്ട്. 2.5 മീറ്റർ വീതിയുള്ള നടപ്പാതയ്‌ക്ക് മുകളിലായി സ്ഥാപിച്ചിരിക്കുന്ന സോളാർ പാനലിൽ നിന്നും ഒരു മെഗാവാട്ട് വൈദ്യുതി ലഭിക്കും.
2017-ലായിരുന്നു പാലം നിർമ്മാണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടത്. നേരത്തെ ബോട്ട് മാർഗം സഞ്ചരിച്ചാണ് തീർത്ഥാടകർ ബെയ്റ്റ് ദ്വാരകയിലേക്ക് എത്തിയിരുന്നത്. സുദർശൻ പാലം യാഥാർത്ഥ്യമാകുന്നതോടെ ഭക്തർക്ക് വളരെ എളുപ്പത്തിൽ എത്താനാകും. ദേവഭൂമിയായ ദ്വാരകയെ പ്രധാനപ്പെട്ട തീർത്ഥാടന-വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാക്കി മാറ്റാനും സുദർശൻ പാലം വഴിയൊരുക്കും.
ഒഖ തുറമുഖത്തിന് സമീപമാണ് ബെയ്‌ത്ത് ദ്വാരക ദ്വീപ് സ്ഥിതിചെയ്യുന്നത്. ഭഗവാൻ ശ്രീകൃഷ്ണന്റെ പ്രസിദ്ധ ക്ഷേത്രമായ ദ്വാരകാധിഷ് സ്ഥിതി ചെയ്യുന്ന ദ്വാരക നഗരത്തിൽ നിന്നും 30 കിലോ മീറ്റർ അകലെയാണ് ബെയ്റ്റ് ദ്വാരക. തീർത്ഥാടകർ കൂടാതെ ദ്വീപിൽ അധിവസിക്കുന്ന 8,500ഓളം പേർക്കും പാലം വലിയ സഹായകമാകും.
ഞായറാഴ്ച അതിരാവിലെ ബെയ്റ്റ് ദ്വാരക ക്ഷേത്രത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പൂജകളിൽ പങ്കെടുത്തതിന് ശേഷമാണ് ഉദ്ഘാടനത്തിലേക്ക് കടക്കുക. ശേഷം 8.25ഓടെ സുദർശൻ സേതു പാലത്തിൽ പ്രധാനമന്ത്രി എത്തുകയും 9.30ഓടെ ദ്വാരകധിഷ് ക്ഷേത്രത്തിൽ ദർശനം നടത്തുകയും ചെയ്യും.
പാലത്തിന്റെ ഉദ്ഘാടനം കൂടാതെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പുതിയ എയിംസ് കാമ്പസുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. രാജ്കോട്ട് (ഗുജറാത്ത്), ബടിണ്ട (പഞ്ചാബ്), റായ്ബറേലി (യുപി), കല്യാണി (പഞ്ചിമ ബംഗാൾ), മംഗലഗിരി (ആന്ധ്രാ പ്രദേശ്) എന്നിവിടങ്ങളിലാണ് എയിംസ് കാമ്പസുകൾ പുതിയതായി നിർമ്മിച്ചിരിക്കുന്നത്.















