തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലക്കായി തലസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു. ഇന്ന് രാവിലെ 10 ന് ആറ്റുകാൽ ക്ഷേത്രം മേൽശാന്തി വിഷ്ണു വാസുദേവൻ നമ്പൂതിരി പണ്ടാരയടുപ്പിൽ തീ പകരുന്നതോടെ ഇക്കൊല്ലത്തെ പൊങ്കാല മഹോത്സവത്തിന് തുടക്കമാകും. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് വൻ സുരക്ഷയാണ് ക്ഷേത്രപരിസരത്തും തലസ്ഥാന നഗരിയിലും ഒരുക്കിയിരിക്കുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ആളുകളാണ് പൊങ്കാല മഹോത്സവത്തിൽ പങ്കെടുക്കാനായി തലസ്ഥാനത്തെത്തിയിരിക്കുന്നത്. പൊങ്കാലക്കായി എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി നഗരസഭയും പോലീസും അറിയിച്ചു. തലസ്ഥാനത്ത് വൻ ഗതാഗത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ന് രാത്രി എട്ട് മണിവരെ തലസ്ഥാനത്ത് വലിയ വാഹനങ്ങൾക്ക് പ്രവേശനമില്ല.
റോഡിന് ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും അനുമതിയില്ല. പൊങ്കാലക്കായി ആറ്റുകാൽ ക്ഷേത്രപരിസരിത്ത് എത്തുന്നവർ ചുറ്റുമുള്ള പ്രധാന റോഡുകളിലും എം.സി, എം.ജി റോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടുള്ളതല്ല. ഇത്തരത്തിൽ നിയന്ത്രണങ്ങൾ ലംഘിച്ച് പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനങ്ങൾ ഉപയോഗിച്ച് നീക്കം ചെയ്യും.
പൊങ്കാല പൂർത്തിയാകുന്നതോടെ സ്‌പെഷ്യൽ കെഎസ്ആർടിസി സർവ്വീസുകൾ ഉണ്ടാകും. 2. 30 മുതൽ തലസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളിലേക്കും സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലേക്കും പ്രത്യേക ട്രെയിനുകൾ ഉണ്ടാകും. കൂടാതെ ദൂരസ്ഥലങ്ങളിൽ നിന്ന് എത്തിയ ഭക്തജനങ്ങൾക്കായി സ്‌പെഷ്യൽ ട്രെയിൻ സർവ്വീസുകളും ഒരുക്കിയിട്ടുണ്ട്. കൂടാതെ കുടിവെള്ളം, ഭക്ഷണം, ആരോഗ്യ സേവനങ്ങൾ മറ്റു ആവശ്യ സേവനങ്ങളും സന്നദ്ധ സംഘടനകൾ ഒരുക്കിയിട്ടുണ്ട്.