കൊൽക്കത്ത: സന്ദേശ്ഖാലിയിൽ സ്ത്രീകളുടെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് അജിത് മെയ്തിയെ പാർട്ടി ചുമതലകളിൽ നിന്നും മാറ്റി. കേസിലെ പ്രതിയായ ഷാജഹാൻ ഷെയ്ഖിന്റെ അടുത്ത സഹായി അജിത് മെയ്തിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സന്ദേശ്ഖാലിയിൽ പ്രതിഷേധം ശക്തമാണ്. സ്ത്രീകളുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് തൃണമൂൽ കോൺഗ്രസ് മുഖം രക്ഷിക്കാനായി അജിത് മെയ്തിയെ സ്ഥാനത്ത് നിന്നും മാറ്റിയത്.
സന്ദേശ്ഖാലിയിലെ സ്ത്രീകളെ കബളിപ്പിച്ച് ഭൂമി തട്ടിയ കേസിലെയും പ്രതിയാണ് അജിത് മെയ്തിയെന്ന് പ്രദേശത്തെ സ്ത്രീകൾ പറഞ്ഞു. ഒളിവിൽ കഴിയുന്ന തൃണമൂൽ നേതാവ് ഷെയ്ഖ് ഷാജഹാനെതിരെയും അനുയായികൾക്കെതിരെയും ഭൂമി കയ്യേറ്റം, ലൈംഗികാതിക്രമം എന്നീ ആരോപണങ്ങൾ ഉന്നയിച്ച് ആയിരക്കണക്കിന് സ്ത്രീകളാണ് സംസ്ഥാനത്ത് പ്രതിഷേധിക്കുന്നത്.
സന്ദേശ്ഖാലി സംഭവത്തിൽ ഇതുവരെ 1,250 പരാതികൾ ലഭിച്ചു. മേഖലയിലെ പരാതികൾ സ്വീകരിക്കുന്നതിനും സഹായങ്ങൾക്കുമായി നിരവധി ക്യാമ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. സന്ദേശ്ഖാലി മേഖലയിൽ നിന്നും മാത്രമായി ആയിരത്തോളം പരാതികളാണ് ലഭിച്ചത്.















