ഭുവനേശ്വർ: ഒഡീഷ മുൻ മന്ത്രിയും മുതിർന്ന ബിജു ജനതാദൾ (ബിജെഡി) നേതാവുമായ ദേബാസിസ് നായക് ബിജെപിയിൽ ചേർന്നു. ഒഡീഷയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സംസ്ഥാന അദ്ധ്യക്ഷൻ മൻമോഹൻ സമൽ, മുൻ അദ്ധ്യക്ഷൻ സമീർ മൊഹന്തി, മറ്റ് മുതിർന്ന നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിലാണ് ദേബാസിസ് പാർട്ടി അംഗത്വം സ്വീകരിച്ചത്. ഇദ്ദേഹത്തെ കൂടാതെ മുൻ കോൺഗ്രസ് എംഎൽഎ നിഹാർ രഞ്ജൻ മോഹനാനന്ദ ബിജെപിയിൽ ചേർന്നു. ബാരി മണ്ഡലത്തെ പ്രതിനിധീകരിച്ച് നാല് തവണയാണ് ദേബാസിസ് നായക് നിയമസഭയിലെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യ ശക്തമായ രാജ്യമായി മാറി. നവീൻ പട്‌നായിക്കല്ല മറ്റാരോ ആണ് ഒഡീഷ ഭരിക്കുന്നത്. ബിജെഡിയിൽ തമിഴ് മോഡൽ ഭരണമാണ് നടക്കുന്നത്. നേതാക്കൾക്ക് തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത സിൻഡ്രോം ബാധിച്ചിട്ടുണ്ട്.ബിജെഡിക്ക് ഫണ്ട് നൽകിയവരും പട്‌നായിക്കിനെ മുഖ്യമന്ത്രിയാക്കിയവരും ഇപ്പോൾ പാർട്ടിയിൽ അവഗണിക്കപ്പെടുകയാണെന്നും അദ്ദേഹം അംഗത്വം സ്വീകരിച്ചു കൊണ്ട് പറഞ്ഞു.
കഴിഞ്ഞ 20-ാം തീയതിയാണ് നവീൻ പട്‌നായിക്കിന് ദേബാസിസ് നായക് രാജിക്കത്ത് സമർപ്പിച്ചത്. വേദനയോടെയാണ് ഞാൻ ബിജെഡിയിൽ നിന്ന് രാജിവയ്‌ക്കുന്നത്. ഒഡീഷയിലെ ജനങ്ങളെയും പാർട്ടിയെയും സേവിക്കാൻ അവസരം നൽകിയതിന് വളരെ നന്ദി,” നായക് രാജിക്കത്തിൽ പറഞ്ഞു. എന്നാൽ രാജിക്ക് പിന്നിലെ വ്യക്തമായ കാരണം തുറന്നുപറയാൻ അദ്ദേഹം തയ്യാറായിട്ടില്ല.