എറണാകുളം: സീറോ മലബാർ സഭയ്‌ക്ക് കീഴിലെ ദേവാലയങ്ങളിൽ ഏകീകൃത കുർബാനയർപ്പണം സംബന്ധിച്ച മാർപാപ്പയുടെയും സിനഡിന്റെയും തീരുമാനങ്ങളിൽ നിന്ന് പിന്നാക്കം പോകാനാവില്ലെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. സഭയ്‌ക്ക് കീഴിലെ ദേവാലയങ്ങളിൽ വായിക്കാൻ അയച്ച ഇടയ ലേഖനത്തിലാണ് മാർ തട്ടിൽ ഇക്കാര്യം വ്യക്തമാക്കിയത്.
എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങൾ രൂക്ഷമാണ്. ഈ രൂപതകളിലെ സമാധാനത്തിന് വേണ്ടി പേപ്പൽ ഡെലിഗേറ്റ് ആർച്ച് ബിഷപ് സിറിൾ വാസിൽ, അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റർ മാർ ബോസ്‌കോ പുത്തൂർ എന്നിവർ നടത്തുന്ന ശ്രമങ്ങൾക്ക് സഭാംഗങ്ങളുടെ പിന്തുണയുണ്ടാകണമെന്ന് അദ്ദേഹം
അഭ്യർഥിച്ചു.
വർഗീയതയ്‌ക്കും വിഭാഗീയതയ്‌ക്കും ക്രൈസ്തവർക്കിടയിൽ പ്രസക്തിയില്ലെന്നും മതങ്ങൾ സഹവർത്തിത്വത്തോടെ ജീവിക്കുന്ന സമൂഹത്തിന്റെ നന്മ നഷ്ടമാക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.















