മലയാളി പൊളിയല്ലേ…ഇത്തവണത്തെ വനിതാ പ്രിമീയർ ലീഗിൽ ടീമുകളുടെ വിജയത്തിന് നട്ടെല്ലായത് ഈ മല്ലൂസാണ്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ് എന്നീ ടീമുകൾക്ക് വേണ്ടിയാണ് കേരളക്കരയുടെ സുവർണതാരങ്ങൾ കളിക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ ഡൽഹിക്കെതിരെ സജന സജീവൻ നേടിയ അവസാന പന്തിലെ സിക്‌സറാണ് മുംബൈക്ക് വിജയമൊരുക്കിയതെങ്കിൽ യുപി വാരീയേഴ്‌സിനെതിരെയുള്ള ആർസിബിയുടെ വിജയത്തിന് കാരണം ആശ ശോഭനയുടെ 5 വിക്കറ്റ് പ്രകടനമാണ്. ഇന്ത്യക്കായി തിളങ്ങിയ മലയാളി താരം മിന്നു മണി വരും മത്സരങ്ങളിൽ ഡൽഹിക്കായി തിളങ്ങുമെന്നാണ് കരുതുന്നത്.
ഈ മലയാളീസിനെ പറ്റി കൂടുതൽ അറിയാം….
ആശാ ശോഭന. ഈ പേര് ക്രിക്കറ്റിനെ അത്രയധികം സ്‌നേഹിക്കുന്നവർക്ക് അപ്പുറം മലയാളികൾക്ക് അത്ര പരിചിതമായിരുന്നില്ല. ജനിച്ചതും വളർന്നതും തലസ്ഥാനത്തിന്റെ വിരിമാറിൽ. കേരളത്തിനായി പന്തെടുത്ത ആശയിപ്പോൾ കളിക്കുന്നത് റെയിൽവേയ്‌ക്കും പോണ്ടിച്ചേരിക്കും വേണ്ടിയാണ്. പ്രീമിയർ ലീഗിന്റെ ആദ്യ സീസണിൽ വയനാട്ടുകാരി മിന്നു മണിയെ മലയാളികൾ തിരിച്ചറിഞ്ഞപ്പോഴും ആശ കാണാമറയത്തായിരുന്നു. യുപി വാരീയേഴ്‌സിന്റെ അഞ്ചുവിക്കറ്റ് പിഴുതാണ് ആശ മലയാളികളുടെ ഹൃദയത്തിൽ കസേര വലിച്ചിട്ടിരുന്നത്.
17ാം ഓവറിലെ ആശയുടെ ബൗളിംഗാണ് ബെംഗളുരിന്റെ വിജയത്തിന് നിർണായകമായത്. മത്സരം കൈവിട്ട് പോയെന്ന് ഉറപ്പിച്ച നിമിഷത്തിലാണ് ക്യാപ്റ്റൻ സ്മൃതി മന്ദാന ആശയെ പന്തേൽപ്പിക്കുന്നത്. ടീമിന്റെ വിജയത്തിന് അതിനിർണായകമായ മൂന്നു വിക്കറ്റുകളാണ് തന്റെ നാലാം ഓവറിൽ ആശ എറിഞ്ഞിട്ടത്. 10 ലക്ഷം രൂപയ്‌ക്കാണ് ആദ്യ സീസണിൽ റോയൽ ചലഞ്ചേഴ്സ് ആശയെ ടീമിലെത്തിച്ചത്. ആദ്യ സീസണിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് താരം അഞ്ച് വിക്കറ്റും നേടി.
മുംബൈ ടീമിന്റെ കീറോൺ പൊള്ളാർഡാണെന്ന വിശേഷണമാണ് ഇപ്പോൾ സജന സജീവനുള്ളത്. ഉദ്ഘാടന മത്സരത്തിലെ അവസാന പന്തിലെ കൂറ്റൻ സിക്‌സറിൽ മുംബൈക്ക് വിജയം സമ്മാനിച്ചാണ് സജന പ്രീമിയർ ലീഗ് ആരങ്ങേറ്റം അവിസ്മരണീയമാക്കിയത്. ഡൽഹിക്കെതിരെ ജയിക്കാൻ അഞ്ച് റൺസ് വേണ്ടിയിരുന്നപ്പോഴാണ് അവിശ്വസിനീയ ബാറ്റിംഗിലൂടെ 29-കാരി മുംബൈയുടെ വിജയമുറപ്പിച്ചത്. പന്ത് അതിർത്തിവര കടന്നതോടെ സ്റ്റേഡിയം ഒന്നാകെ ആർത്തിരമ്പി. സജന അതോടെ ക്രിക്കറ്റ് ആരാധകരുടെ മനം കവർന്നിരുന്നു.
15 ലക്ഷം രൂപയ്‌ക്കാണ് സജനയെ മുംബൈ ടീമിലെത്തിച്ചത്.
വനിതാ ഐപിഎൽ കളിക്കുന്ന ആദ്യ മലയാളിതാരം എന്നതിനപ്പുറം ടീം ഇന്ത്യയുടെ വിശ്വസ്ത താരത്തിലേക്കുള്ള വളർച്ചയിലാണ് മിന്നുമണി. ടീമിന്റെ ആവശ്യമനുസരിച്ച് ഏത് പൊസിഷനിൽ കളിക്കാനാവുന്ന താരത്തിന് ബാറ്റിംഗിലും ബൗളിംഗിലും വിശ്വസിക്കാം. ദേശീയ ടീമിനായി കളിച്ച ആദ്യ മലയാളി വനിതയായ മിന്നു ബംഗ്ലാദേശിനെതിരായ അരങ്ങേറ്റ മത്സരത്തിൽ വിക്കറ്റും സ്വന്തമാക്കിയിരുന്നു. 30 ലക്ഷം രൂപയ്‌ക്കാണ് മിന്നുവിനെ ഡൽഹി ടീമിലെത്തിച്ചത്.ഈ സീസണിൽ താരം ഉടനെ കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.