രഞ്ജി ട്രോഫിക്കിടെ ആന്ധ്രപ്രദേശിനെതിരെ ഗുരുതര ആരോപണവുമായി ഇന്ത്യൻ താരം ഹനുമ വിഹാരി. നായകസ്ഥാനത്ത് നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് താരം പരസ്യമാക്കിയത്. ബംഗാളിനെതിരെ ജയിച്ചുകൊണ്ടാണ് രഞ്ജി സീസണ് ആന്ധ്ര തുടക്കമിട്ടത്. എന്നാൽ തൊട്ടടുത്ത മത്സരം മുതൽ നായക സ്ഥാനത്ത് നിന്ന് വിഹാരിയെ മാറ്റിയിരുന്നു.
ഇതിന്റെ കാരണങ്ങളും വ്യക്തമായിരുന്നില്ല. ശേഷിച്ച മത്സരങ്ങളിൽ റിക്കി ബൂയി ആണ് ആന്ധ്രയെ നയിച്ചത്. ക്വാര്‍ട്ടറിലെത്തിയ ആന്ധ്ര മദ്ധ്യപ്രദേശിനോട് തോറ്റ് പുറത്താവുകയായിരുന്നു. ഇതിന് പിന്നാലെയാണ് വിഹാരി കാര്യകാരണ സഹിതം സോഷ്യൽ മീഡിയയിൽ പൊട്ടിത്തെറിച്ചത്.
ടീം സ്ക്വാഡിലുണ്ടായിരുന്ന ഒരു താരത്തിനോട് ദേഷ്യപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് തന്നെ നായകസ്ഥാനത്ത് നിന്ന് പുറത്താക്കിയതെന്നും ടീമിലെ 17-ാമനായിരുന്ന താരം പ്രമുഖ രാഷ്‌ട്രീയ നേതാവിന്റെ പുത്രനായിരുന്നുവെന്നും വിഹാരി പറയുന്നു. രാഷ്‌ട്രീയക്കാരന്റെ സമ്മർദ്ദത്തിലാണ് എന്നെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പുറത്താക്കാൻ ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനിച്ചത്. ഇനി ഒരിക്കലും ആന്ധ്രയ്‌ക്ക് വേണ്ടി കളിക്കില്ലെന്നും വിഹാരി പറഞ്ഞു. ഞാൻ വ്യക്തിപരമായി ആരെയും ഒന്നും പറഞ്ഞിട്ടില്ല.
കൈക്ക് പരിക്കേറ്റിട്ടും ഇടം കൈ കൊണ്ട് പോലും ബാറ്റ് ചെയ്യാനിറങ്ങുന്ന, കഴിഞ്ഞ ഏഴ് സീസണുകളില്‍ അഞ്ചിലും ആന്ധ്രയെ നോക്കൗട്ടിലെത്തിച്ച ഇന്ത്യക്കായി 16 ടെസ്റ്റുകൾ കളിച്ചാെരു താരത്തിനേക്കാള്‍ പ്രാധാന്യം ഇതുവരെ അരങ്ങേറിയിട്ടില്ലാത്ത ഒരു കളിക്കാരന് അസോസിയേഷന്‍ നല്‍കിയെന്നും വിഹാരി തുറന്നടിച്ചു.