കൽപറ്റ: പൂക്കോട് വെറ്ററിനറി കോളേജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ബി.വി.എസ്.സി രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. മുതുകിനും തലയ്‌ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്ഷതമേറ്റിട്ടുണ്ടെന്നും പറയുന്നു. പരിക്കുകൾക്ക് രണ്ടോ മൂന്നോ ദിവസത്തെ പഴക്കം മാത്രമാണുള്ളതെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റാഗിംഗിന് പിന്നാലെയാണ് വിദ്യാർത്ഥി ജീവനൊടുക്കിയതെന്ന നിഗമനത്തിലേക്കാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വഴിവയ്‌ക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വാലെന്റൈൻസ് ഡേ പരിപാടികൾക്കിടയിൽ കോളേജിൽ തർക്കങ്ങൾ ഉടലെടുത്തിരുന്നു. ഇതിന് പിന്നാലെ സിദ്ധാർത്ഥ് ക്രൂരമായ മർദ്ദനത്തിനും പരസ്യവിചാരണയ്‌ക്കും ഇരയായി എന്നാണ് പുറത്തുവരുന്ന വിവരം. സിദ്ധാർത്ഥ് റാഗിംഗിന് ഇരയായി എന്ന് ചൂണ്ടികാണിച്ച് ദേശീയ റാഗിംഗ് സിരുദ്ധസമിതി മുമ്പാകെ പരാതിയും എത്തിയിരുന്നു. സർവകലാശാലയിലെ റാഗിംഗ് വിരുദ്ധ സമിതി യോഗം ചേർന്ന് പോലീസിലും പരാതി നൽകിയിരുന്നു.
സിദ്ധാർഥന്റെ സഹപാഠികളും സീനിയർ-ജൂനിയർ വിദ്യാർത്ഥികളുമടക്കം 12 പേർക്കെതിരേ റാഗിംഗ് നിരോധന വകുപ്പുകൾ ഉൾപ്പടെ ചേർത്ത് കേസെടുത്തിട്ടുണ്ട്. കോളേജ് യൂണിയൻ പ്രസിഡന്റ്, കോളജ് യൂണിയന്റെ മറ്റൊരു ഭാരവാഹി, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി എന്നിവരുൾപ്പെടെയുള്ളവരാണ് കേസിൽ പ്രതികളായത്. 12 പേരും ഒളിവിലാണ്.















