ന്യൂഡൽഹി : മാലദ്വീപുമായുള്ള സംഘർഷങ്ങൾക്കിടയിൽ ഇന്ത്യയ്‌ക്ക് വൻ നയതന്ത്ര വിജയം. മാലദ്വീപിൽ ഹെലികോപ്റ്ററുകൾ പ്രവർത്തിപ്പിക്കാൻ ഇന്ത്യൻ പൈലറ്റുമാർക്ക് അനുമതി നൽകി മാലദ്വീപ് . ഇന്ത്യൻ പൈലറ്റിനെ ഇന്ത്യൻ പൗരനെന്നാണ് മാലദ്വീപ് വിശേഷിപ്പിച്ചത്.
ആരോഗ്യ പ്രവർത്തനങ്ങൾക്കായി മാലദ്വീപിന് ഇന്ത്യ നൽകിയ ഹെലികോപ്റ്റർ പ്രവർത്തിപ്പിക്കുന്നതിനായി ഒരു കൂട്ടം ഇന്ത്യൻ പൗരന്മാർ മാലദ്വീപിലേക്ക് വരുന്നതായി മാലദ്വീപ് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന മാലദ്വീപ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാനമായതിനാൽ മാലദ്വീപിലെ ഇന്ത്യൻ പൗരന്മാരുടെ സാന്നിധ്യവും പ്രധാനമാണ്. മാലിദ്വീപിൽ മുഹമ്മദ് മുയിസുവിന്റെ സർക്കാർ രൂപീകരിച്ചതു മുതൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സംഘർഷം അതിന്റെ ഉച്ചസ്ഥായിയിലാണ്. പ്രസിഡൻ്റ് മുയിസുവും അദ്ദേഹത്തിന്റെ പാർട്ടിയും ചൈനയെ അനുകൂലിക്കുന്നവരാണ് . ഇന്ത്യൻ സൈനികർ രാജ്യം വിടണമെന്ന പ്രസിഡൻറ് മുയിസുവിന്റെ ആവശ്യത്തെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി.
എന്നാൽ ഇപ്പോൾ മാലദ്വീപിൽ ഹെലികോപ്റ്ററുകൾ പ്രവർത്തിപ്പിക്കുന്നതിനായി ഇന്ത്യൻ പൗരന്മാർ അദ്ദു നഗരത്തിലേക്ക് വരുന്നുണ്ടെന്ന് ദ്വീപ് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഒരു ഹെലികോപ്റ്റർ GAN വിമാനത്താവളത്തിലാണ്. ഇന്ത്യൻ പൈലറ്റുമാർ ഇന്ന് രാത്രി GAN വിമാനത്താവളത്തിൽ എത്തുമെന്നും അതിന് ശേഷം ഇന്ത്യൻ പൗരന്മാർക്ക് ഹെലികോപ്റ്റർ പ്രവർത്തിപ്പിക്കുന്ന ജോലികൾ നൽകാനുള്ള നടപടികൾ ആരംഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
നിലവിൽ ലാമു ഗാൻ കദാധൂ വിമാനത്താവളത്തിൽ വിന്യസിച്ചിരിക്കുന്ന ഹെലികോപ്റ്റർ അറ്റകുറ്റപ്പണികൾക്കായി ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്ന് മാലദ്വീപ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പകരം വരുന്ന ഹെലികോപ്റ്റർ നാളെ ബുധനാഴ്ച മാലദ്വീപിലെത്തും.















