ഹൈദരാബാദ്: മുസ്ലീങ്ങളിൽ നിന്ന് ശരിഅത്ത് തട്ടിയെടുക്കാനാണ് അസം സർക്കാർ ശ്രമിക്കുന്നതെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. മുസ്ലീം വിവാഹ നിയമം അസം സർക്കാർ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഒവൈസിയുടെ പരാമർശം.
” ഞങ്ങളിൽ നിന്ന് ‘ശരിഅത്ത്’ തട്ടിയെടുക്കാനാണ് ആഗ്രഹിക്കുന്നത്. ഇസ്ലാമിക പാരമ്പര്യത്തിന്റെ ഭാഗമായ മത നിയമമാണ് ശരിഅത്ത്. അസമിലെ ബിജെപി സർക്കാർ മുസ്ലീങ്ങളുടെ വിവാഹം സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം നടത്തണമെന്ന് പറഞ്ഞ്, 90 വർഷം പഴക്കമുള്ള മുസ്ലീം വിവാഹ നിയമം റദ്ദാക്കി. നിക്കാഹിന്റെ ഭാഗമായ ഖുത്ബ ആരാണ് വായിക്കുക (വിവാഹ പ്രസംഗം). ഇപ്പോൾ അസമിൽ മുസ്ലീങ്ങൾ വിവാഹം കഴിച്ചാൽ ഒരു ഖാസി (വിവാഹം നടത്തുന്ന വ്യക്തി) ഉണ്ടാകില്ല. വധുവിന് മഹറും ലഭിക്കില്ല”, ഒവൈസി പറഞ്ഞു .
താൻ ജീവിച്ചിരിക്കുന്ന കാലത്തോളം അസാമിൽ ശൈശവ വിവാഹം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ കഴിഞ്ഞ ദിവസം സഭയിൽ വ്യക്തമാക്കിയിരുന്നു. 1935 ലെ മുസ്ലീം വിവാഹ നിയമം, വിവാഹമോചന രജിസ്ട്രേഷൻ നിയമം എന്നിവ റദ്ദാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ കോൺഗ്രസും എഐയുഡിഎഫും നിയമസഭ ബഹിഷ്‌കരിച്ചിരുന്നു. നിയമം റദ്ദാക്കരുതെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.















