തിരുവനന്തപുരം: ഭാരതത്തിന്റെ ഗവേഷക രംഗത്തെ ഓരോ കുതിപ്പിനും പ്രധാന പങ്കുവഹിക്കുന്നത് തുമ്പ വിഎസ്എസ്സി കൂടിയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. കേരളത്തിലെ ഒരു കടലോര ഗ്രാമത്തിലുള്ള തുമ്പയുടെ പ്രശസ്തി ആഗോളതലത്തിൽ ഉയർത്തിയത് വിഎസ്എസ്സിയാണെന്നും അദ്ദേഹം പറഞ്ഞു. വിക്രം സാരാഭായി സ്പേസ് സെന്ററിൽ നടക്കുന്ന ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ”ഇന്ത്യയുടെ ബഹിരാകാശം ഇനി മലയാളികൾ ഭരിക്കും” എന്ന മാദ്ധ്യമ തലക്കെട്ട് ഉദ്ധരിച്ചായിരുന്നു അദ്ദേഹം ബഹിരാകാശ മേഖലയിലെ മലയാളിത്തിളക്കങ്ങളെ കുറിച്ച് സംസാരിച്ചത്.
” റോക്കറ്റുകളും പേലോഡുകളുമൊക്കെ സൈക്കിളുകളിൽ പോലും എത്തിച്ചുകൊണ്ട് 1963ൽ നവംബറിൽ 21ന് ഇന്ത്യയുടെ ആദ്യ സൗണ്ടിംഗ് റോക്കറ്റ് കുതിച്ചുയർന്നിട്ട് ഇന്ന് ഏതാണ്ട് 60 വർഷം പൂർത്തിയായിരിക്കുന്നു. ചന്ദ്രയാൻ ആകട്ടെ, ഗഗൻയാൻ ആകട്ടെ ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളെ പിന്തുണയ്‌ക്കുന്നതിൽ തുമ്പയ്‌ക്കും പ്രധാന സ്ഥാനമുണ്ട്. ഏതൊരു സാങ്കേതികവിദ്യയും ലക്ഷ്യം പൂർത്തീകരിക്കുന്നത് സാധാണക്കാരുടെ ജീവിതത്തെ സ്വാധീനിക്കുകയും അതിലൂടെ അവരുടെ ജീവിത സൗകര്യങ്ങൾ വികസിക്കുകയും ചെയ്യുമ്പോഴാണെന്നാണ് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട്. ആ കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കുന്ന വിഎസ്എസ്സിയിലെ ഓരോ ശാസ്ത്രജ്ഞരെയും ഈ അവസരത്തിൽ അഭിനന്ദിക്കുന്നു.”- വി. മുരളീധരൻ പറഞ്ഞു.
തുമ്പയിലെ വിക്രം സാരഭായ് സ്പേസ് സെന്ററിലെത്തിയ പ്രധാനമന്ത്രി ഇന്ന് 1,800 കോടിയുടെ മൂന്ന് പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. ഗഗൻയാൻ ഇന്റഗ്രേഷൻ ഫെസിലിറ്റി സെന്ററിലാണ് പരിപാടി പുരോഗമിക്കുന്നത്. ഇന്ത്യയുടെ പ്രഥമ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ ദൗത്യത്തിലെ സഞ്ചാരിയായ മലയാളി പ്രശാന്ത് ബാലകൃഷ്ണൻ നായർ ഉൾപ്പെടെയുളള സഞ്ചാരികളെയും പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിച്ചിരുന്നു.















