ന്യൂഡൽഹി ; ജമ്മു കശ്മീരിലെ ജമാഅത്തെ ഇസ്‌ലാമിയുടെ നിരോധനം അടുത്ത അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ) പ്രകാരമാണിത്. വിഘടനവാദത്തിനും, ഭീകരവാദത്തിനും പിന്തുണ നൽകുന്ന ഈ സംഘടനയാണ് ഇന്ത്യാ വിരുദ്ധ കുപ്രചരണങ്ങൾ നടത്തുന്നതെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.
ഭീകരവാദത്തിനും വിഘടനവാദത്തിനും എതിരെ സഹിഷ്ണുത കാണിക്കില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയം അനുസരിച്ച് ജമാഅത്തെ ഇസ്‌ലാമിയുടെ നിരോധനം സർക്കാർ അഞ്ച് വർഷത്തേക്ക് നീട്ടിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു.
രാഷ്‌ട്രത്തിന്റെ സുരക്ഷയ്‌ക്കും അഖണ്ഡതയ്‌ക്കും പരമാധികാരത്തിനും എതിരായ പ്രവർത്തനങ്ങൾ സംഘടന തുടരുന്നതായി കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു. 2019 ഫെബ്രുവരി 28 നാണ് സംഘടനയെ ആദ്യമായി ‘നിയമവിരുദ്ധ സംഘടന’ ആയി പ്രഖ്യാപിച്ചത്.















