ചെന്നൈ : കോയമ്പേടിലെ മസ്ജിദ് പൊളിച്ചുനീക്കുന്നത് ശരി വച്ച് സുപ്രീം കോടതി . മസ്ജിദും മദ്രസയും നിയമവിരുദ്ധമായി നിർമ്മിച്ചതാണെന്നും പൊളിക്കണമെന്നുമുള്ള മദ്രാസ് ഹൈക്കോടതി വിധിയാണ് സുപ്രീം കോടതി ശരിവെച്ചത്.
ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. 2023 നവംബർ 22 ന് മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ സുപ്രീം കോടതി അംഗീകരിച്ചു. മാത്രമല്ല മസ്ജിദ് നിർമ്മാണം അനധികൃതമാണെന്ന് പ്രഖ്യാപിക്കുകയും അത് പൊളിച്ച് പുതിയ സ്ഥലത്തേക്ക് മാറ്റാൻ ഉത്തരവിടുകയും ചെയ്തു.
മസ്ജിദ് പൊളിക്കുന്ന ഹൈക്കോടതി ഉത്തരവിനെതിരെ ഹൈദ മുസ്ലീം വെൽഫെയർ മസ്ജിദ്-ഇ-ഹിദായയും മദ്രസയും നൽകിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ തീരുമാനം. തങ്ങൾ ഭൂമി വാങ്ങിയതാണെന്നും പൊതുതാൽപര്യങ്ങൾക്ക് പള്ളി തടസ്സമാകുന്നില്ലെന്നും ഹർജിക്കാർ വാദിച്ചു. എന്നാൽ, സുപ്രീം കോടതി അവരുടെ അവകാശവാദങ്ങളെ പരിഗണിക്കാൻ തയ്യാറായില്ല. ഹർജിക്കാരൻ വസ്തുവിന്റെ ഉടമസ്ഥനല്ലെന്നും കെട്ടിടാനുമതി പ്ലാനുകൾ നേടുന്നതിൽ പരാജയപ്പെട്ടുവെന്നും കോടതി വ്യക്തമാക്കി.ചെന്നൈ മെട്രോപൊളിറ്റൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (സിഎംഡിഎ) ആവർത്തിച്ച് നോട്ടീസ് നൽകിയിട്ടും അനധികൃത നിർമാണം തുടരുന്നതിനാൽ നിർണായക നടപടി അനിവാര്യമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.















