തിരുവനന്തപുരം: നീന്തൽ പരിശീലനത്തിനിടയിൽ ശ്വാസതടസം അനുഭവപ്പെട്ട കുട്ടിക്ക് ദാരുണാന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കരയില്‍കയറിയ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. വെഞ്ഞാറമൂടിലാണ് സംഭവം. കോലിയക്കോട് കുന്നിട സ്വദേശി താരാ ദാസിന്റെയും ബിനുവിന്റെയും മകള്‍ ദ്രുപിത (14) ആണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. വൈകുന്നേരം 4.30 മുതലാണ് ദ്രുപിത പരിശീലനം ആരംഭിച്ചത്. പരിശീലനം നടത്തിക്കൊണ്ടിരിക്കെ 6.45-ഓടെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു വിദ്യാർത്ഥിനി കരയിൽ കയറിയത്. ഇതിന് പിന്നാലെയാണ് കുഴഞ്ഞ് വീണത്. ഉടന്‍തന്നെ പിരപ്പന്‍കോട് തൈക്കാട് സെന്റ് ജോണ്‍സ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പോത്തന്‍കോട് എല്‍.വി.എച്ച്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ദ്രുപിത. കുട്ടിക്ക് ശ്വാസം മുട്ടൽ അസുഖം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.















