ലക്‌നൗ: ദുരന്ത നിവാരണ സംവിധാനങ്ങളിൽ സുപ്രധാന നീക്കവുമായി യോഗി സർക്കാർ. സംസ്ഥാനത്തെ ആദ്യ എമർജൻസി ഓപ്പറേഷൻ സെന്ററായ രഹത് ഗുരുകുലം സമുച്ചയത്തിന്റെ ഉദ്ഘാടനം ചീഫ് സെക്രട്ടറി ദുർഗ ശങ്കർ മിശ്ര നിർവ്വഹിച്ചു. സംസ്ഥാന ദുരന്ത നിവാരണ സേനയ്‌ക്ക് പുറമെ സംസ്ഥാനത്തെ ജനങ്ങൾക്കും പരിശീലനം നൽകാനാണ് പുതുതായി തുടങ്ങിയ കേന്ദ്രം ലക്ഷ്യമിടുന്നതെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കി.
” സംസ്ഥാനത്ത് ദുരന്തങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ കുറയ്‌ക്കുന്നതിന് സർക്കാർ പ്രത്യേക ശ്രദ്ധ നൽകുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശീലന കേന്ദ്രം സ്ഥാപിക്കുന്നതിന് സർക്കാർ ദുരിതാശ്വാസ വകുപ്പിന് നിർദ്ദേശം നൽകിയത്. സർക്കാർ പൊതുജനങ്ങളുടെ സ്വത്തിനും ജീവനും ഒരു പോലെ പ്രധാന്യം നൽകുന്നു.”- യോഗി ആദിത്യനാഥ് പറഞ്ഞു.
ദുരിതാശ്വാസ കമ്മീഷണറുടെ ഓഫീസിന് കീഴിലായാണ് സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ പ്രവർത്തിക്കുന്നത്. സംസ്ഥാനത്തുടനീളം ദുരന്തവുമായി ബന്ധപ്പെട്ട നാശ നഷ്ടങ്ങൾ, സഹായങ്ങൾ തുടങ്ങിയവ നൽകുന്നതിനും വിലയിരുന്നതിനും സെന്റർ പ്രാധാന്യം നൽകും. ദുരിത നിവാരണപ്രവർത്തനങ്ങൾക്ക് സംസ്ഥാനത്തെ ജനങ്ങൾക്ക് മികച്ച പരിശീലനം കേന്ദ്രം നൽകുമെന്നും യോഗി ആദിത്യനാഥ് അറിയിച്ചു.