ന്യൂഡൽഹി: കുതിപ്പ് തുടർന്ന് ഇന്ത്യൻ സമ്പദ് വ്യവസ്ഥ. നടപ്പുസാമ്പത്തിക വർഷം മൂന്നാം പാദത്തിൽ (ഒക്ടോബർ-ഡിസംബർ) 8.4 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തി. ഇതോടെ നടപ്പുസാമ്പത്തിക വർഷത്തെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാ അനുമാനം 7.3 ശതമാനമായിരുന്നത് 7.6 ശതമാനമായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) അറിയിച്ചു.
മൂന്നാം പാദത്തിൽ മൊത്തം ആഭ്യന്തര ഉത്പാദനം 43.72 ലക്ഷം കോടി രൂപയാണ്. മുൻവർഷം ഇത് 40.35 ലക്ഷം കോടി ആയിരുന്നു. മൂന്നാം പാദത്തിൽ ആറ് ശതമാനം മുതൽ 6.9 ശതമാനം വളർച്ചയാണ് മിക്ക ഏജൻസികളും പ്രവചിച്ചിരുന്നത്. പുതിയ കണക്കുകൾ പ്രകാരം ഒന്നാം പാദത്തിൽ 8.2 ശതമാനവും രണ്ടാം പാദത്തിൽ 8.1 ശതമാനം വളർച്ചനിരക്കാണ് രേഖപ്പെടുത്തിയത്. റിസർവ് ബാങ്ക് ഫെബ്രുവരി ആദ്യം ചേർന്ന പണനയ യോഗത്തിൽ 6.5 ശതമാനം വളർച്ച മാത്രമാണ് അനുമാനിച്ചിരുന്നത്. എന്നാൽ ഈ കണക്കുകളെ എല്ലാം നിഷ്പ്രഭമാക്കിയാണ് ഇന്ത്യയുടെ വളർച്ചാ നിരക്ക്.
ഇനി മുതൽ ജിഡിപി കണക്കുകൾ രണ്ട് തവണ മാത്രമാണ് പുതുക്കുകയുള്ളൂവെന്ന് എൻഎസ്ഒ അറിയിച്ചു. ഇതുവരെ മൂന്ന് തവണ കണക്കുകൾ പുനർനിർണയിച്ചിരുന്നു. 2020-21 സാമ്പത്തിക വർഷം മൂന്നാമത് പരിഷ്കരിച്ച കണക്കുകളാകും അന്തിമമാക്കുക. അതിന് ശേഷമുള്ള സാമ്പത്തിക വർഷങ്ങളിൽ രണ്ടാമത് പരിഷ്കരിക്കുന്ന കണക്കുകൾ അന്തിമമായി പരിഗണിക്കും. നാലാം പാദ വളർച്ച സംബന്ധിച്ച കണക്കുകൾ മേയ് 31-ന് പ്രഖ്യാപിക്കും.
ഉത്പന്നങ്ങളും സേവനങ്ങളുമടക്കം രാജ്യത്തെ മൊത്തം സാമ്പത്തിക പ്രവർത്തനങ്ങളുടെ ആകെ മൂല്യമാണ് മൊത്ത ആഭ്യന്തര ഉത്പാദനം അഥവാ ജിഡിപി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലുള്ള ജിഡിപിയിൽ നിന്ന് ഇത്തവണ എത്ര വർദ്ധനയുണ്ടായി എന്നതാണ് സാമ്പത്തിക വളർച്ചാനിരക്കായി കണക്കാക്കുന്നത്.