വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സിദ്ധാർത്ഥിന്റെ വീട്ടിൽ നേരിട്ടെത്തിയ ഗവർണർ മാതാപിതാക്കളെ ആശ്വസിപ്പിച്ചു. നടന്നത് ദാരുണമായ സംഭവമാണെന്നും ഡിജിപിയോട് വിശദീകരണം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
” നൂറ് ശതമാനം സാക്ഷരതയുള്ള കേരളത്തിലാണ് ഇത്തരം ദാരുണ സംഭവങ്ങൾ നടക്കുന്നത്. ഒരു മിടുക്കനായ വിദ്യാർത്ഥിയെയാണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. കൂടെയുള്ളവരെ കൊല്ലുന്ന നാടായി കേരളം മാറുന്നുവെന്നതിൽ ദു:ഖമുണ്ട്. സംസ്ഥാനത്ത് ഇത്തരം പ്രവണതകൾ പലരും പ്രചരിപ്പിക്കുകയാണ്. ടി പി ചന്ദ്രശേഖരൻ ഇത്തരം സംഭവങ്ങളുടെ രക്തസാക്ഷിയാണ്.”- ഗവർണർ പറഞ്ഞു.
രാഷ്‌ട്രീയ കൊലപാതകങ്ങൾ കേരളത്തിൽ വർദ്ധിച്ചു വരികയാണ്. അക്രമങ്ങൾ ഒന്നിനും പരിഹാരമല്ലന്നെ് ആവർത്തിച്ചു പറയുകയാണെന്നും ഗവർണർ വ്യക്തമാക്കി. യുവാക്കളെ രാഷ്‌ട്രീയ പോരിന് ഇരയാക്കരുതെന്നും അക്രമങ്ങളിൽ നിന്നും പിന്തിരിയാൻ കേരളത്തിലെ രാഷ്‌ട്രീയ പ്രവർത്തകർ തയ്യാറാകണമെന്നും ഗവർണർ വൈകാരികമായി പ്രതികരിച്ചു.