തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ ഉയർന്ന താപനിലയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോട്ടയം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനിലയായി 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാനാണ് സാധ്യത. ഈ ജില്ലകളിൽ സാധാരണയേക്കാൾ രണ്ട് ഡിഗ്രി മുതൽ നാല് ഡിഗ്രി വരൈ ചൂട് ഉയരാനാണ് സാധ്യത.
പകൽ ചൂടിനൊപ്പം രാത്രിയിലും താപനില ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. മിക്കയിടങ്ങളിലും രാത്രി താപനില 28 ഡിഗ്രി സെൽഷ്യസിനും 30 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ്. ഉയർന്ന അന്തരീക്ഷ ആർദ്രത മൂലം ചൂടും അസ്വസ്ഥതയുള്ള കാലാവസ്ഥയ്‌ക്കുമാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
താപനിലയിലെ വർദ്ധനവ് സൂര്യാഘാതം, സൂര്യതാപം, നിർജ്ജലീകരണം എന്നിങ്ങനെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമായേക്കാം. അതേസമയം മാർച്ചിൽ സംസ്ഥാനത്ത് സാധാരണയിലും അധിക ചൂട് അനുഭവപ്പെടാൻ സധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.