ന്യൂഡൽഹി: ബിആർഎസ് നേതാവും തെലങ്കാനയിലെ സാഹിറാബാദ് എംപിയുമായ ബി.ബി.പാട്ടീൽ ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ സാന്നിധ്യത്തിലാണ് പ്രമുഖ ലിംഗായത്ത് നേതാവായ പാട്ടീൽ പാർട്ടി അംഗത്വം സ്വീകരിച്ചത്. മോദിയുടെ വികസന നയത്തിനോട് ചേർന്ന് സാഹിറാബാദ് മണ്ഡലത്തിന്റെ വികസനങ്ങൾക്ക് പരിശ്രമിക്കുമെന്ന് അംഗത്വം സ്വീകരിച്ചു കൊണ്ട് ബി.ബി പാട്ടീൽ പറഞ്ഞു.
സാഹിറാബാദിൽ നിന്നാണ് 2014ലും 2019ലും ബിആർഎസ് ടിക്കറ്റിൽ പാട്ടീൽ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇന്നലെ മുതിർന്ന ബിആർഎസ് നേതാവും എംപിയുമായ പി രാമുലു ബിജെപിയിൽ ചേർന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പാട്ടീലും ബിജെപിയിൽ ചേർന്നത്. രാമുലുവിനൊപ്പം മകൻ ഭരതും മൂന്നു ബിആർഎസ് നേതാക്കളും കൂടി ബിജെപിയിൽ ചേർന്നിട്ടുണ്ട്.