മുംബൈ: ബംഗ്ലാദേശിൽ നിന്നുള്ള പൗരന്മാരുടെ നിരന്തരമായ കടന്നു കയറ്റത്തിന് ശേഷം, ഭയന്ദറിനടുത്തുള്ള ഉത്താൻ തീരപ്രദേശത്ത് മ്യാൻമറിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ സാന്നിധ്യം ശക്തം. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിന് 25നും 55നുമിടയിൽ പ്രായമുള്ള എട്ട് പുരുഷന്മാരെ അറസ്റ്റ് ചെയ്തു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇൻസ്‌പെക്ടർ ഋഷികേശ് പാവലിന്റെയും ഭീകരവാദ വിരുദ്ധ സെൽ പോലീസ് സബ് ഇൻസ്‌പെക്ടർ കുനാൽ കുരേവാദിന്റെയും നേതൃത്വത്തിലാണ് തിരച്ചിൽ ആരംഭിച്ചത്. ചൗക്ക് ഗ്രാമത്തിലെ മത്സ്യബന്ധന ബോട്ടിൽ നിന്ന് എട്ട് പ്രതികളെയാണ് പിടിക്കാൻ കഴിഞ്ഞത്. നിയമാനുസൃത രേഖകളില്ലാത്തതിനാൽ ഇവരെ കസ്റ്റഡിയിലെടുത്തു. ഇവരെ താനെ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വിട്ടു.
റോഹിങ്ക്യകളെന്ന് സംശയിക്കുന്ന അനധികൃത കുടിയേറ്റക്കാർ മത്സ്യബന്ധന ബോട്ടുകളിൽ ജോലി തേടിയെത്തിയവരാണെന്ന് പറഞ്ഞതിനെ തുടർന്ന് പോലീസ് ഡൽഹിയിലെ മ്യാൻമർ എംബസിയുമായി ബന്ധപ്പെട്ടു. ഇന്ത്യയിലേക്കുള്ള മ്യാൻമർ പൗരന്മാരുടെ വിസ രഹിത പ്രവേശനം താൽക്കാലികമായി നിർത്തിവയ്‌ക്കുന്നതായി കേന്ദ്ര സർക്കാർ ശുപാർശയുണ്ടായിരുന്നു.















