ബെംഗളൂരു: കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയിൽ ബോംബ് സ്‌ഫോടനം നടത്തിയ യുവാവിനെ തിരിച്ചറിഞ്ഞതായി അന്വേഷണ സംഘം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. 28 നും 30 നും മദ്ധ്യേ പ്രായമുള്ള വ്യക്തിയുടെ ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇന്നലെ ഉച്ചയോടെ ഇയാൾ കഫേയിൽ എത്തി ഭക്ഷണം ഓർഡർ ചെയ്ത ശേഷം കഴിക്കാതെ മടങ്ങുകയായിരുന്നു.
പ്രതി ഐഇഡി ബോംബ് അടങ്ങുന്ന ബാഗ് കഫേയിൽ ഉപേക്ഷിച്ച് കടന്നുകളയുന്നതിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. കഫേയിൽ നടന്ന പരിശോധനയിൽ ബോംബുകളോ മറ്റ് സ്ഫോടക വസ്തുക്കളോ കണ്ടെത്താനായില്ലെന്ന് പോലീസ് അറിയിച്ചു. ക്യാഷ് കൗണ്ടറിൽ ഉണ്ടായിരുന്ന ആളുമായി പ്രതിയെന്ന് സംശയിക്കുന്നയാൾ സംസാരിച്ചിരുന്നു. കാഷ്യറെ ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് പറഞ്ഞു.
സംഭവത്തിന് പിന്നിൽ തീവ്രവാദ ബന്ധമുണ്ടോ എന്നതടക്കം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഇതൊരു ചെറിയ സംഭവം മാത്രമാണ്, ഇത്തരത്തിലുള്ള സ്‌ഫോടനങ്ങൾ നേരത്തെയും സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. ഭയക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
ഇന്നലെ ഉച്ചയോടെയാണ് കഫേയിൽ ബോംബ് സ്‌ഫോടനം നടന്നത്. സംഭവത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. ഇതിൽ ആരുടേയും പരിക്കുകൾ ഗുരുതരമല്ല.