മനുഷ്യമനസിനെ മരവിപ്പിക്കുന്ന കാഴ്ചകളും വാർത്തകളുമാണ് ദിനംപ്രതി കേരളത്തിൽ കാണുന്നത്. സിദ്ധാർത്ഥിന്റെ ദുരൂഹ മരണത്തിൽ എസ്എഫ്ഐ പ്രവർത്തകരായ 10 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ മകൻ കോളേജിൽ നിന്നും കൊടിയ പീഡനം നേരിട്ടെന്ന് പറഞ്ഞ് വിലപിക്കുന്ന മാതാപിതാക്കളുടെ ദൃശ്യങ്ങളും കേരളത്തിൽ ചർച്ചയാകുകയാണ്.
കേരളത്തിലെ കൊടിയ പ്രശ്നങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് നടൻ ഹരീഷ് പേരടി. എതിർപ്പിനെ തല്ലികൊല്ലുന്നതും തൊണ്ട വരണ്ട് മരിക്കുന്ന തുമായ കേരളമാണ് ഇന്നുള്ളതെന്ന തരത്തിലായിരുന്നു നടന്റെ കുറിപ്പ്. ‘ഇരുണ്ട കേരളം.. കറുത്ത കേരളം…അധോലോകത്തിന്റെ കേരളം. എതിർപ്പിനെ തല്ലികൊല്ലുന്ന കേരളം. തൊണ്ട വരണ്ട് മരിക്കുന്ന കേരളം.’- ഹരീഷ് പേരടി കുറിച്ചു.
സിദ്ധാർത്ഥിന്റെ ദുരൂഹമരണത്തിൽ 10 പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. 3 പേർ നിലവിൽ കസ്റ്റഡിയിലാണെന്നും ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് അറിയിച്ചു. സിദ്ധാർത്ഥ് നേരിട്ടത് കൊടിയ പീഡനമെന്ന് കോളേജിലെ റാഗിംഗ് വിരുദ്ധ സ്‌ക്വാഡിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഹോസ്റ്റലിന്റെ നടുമുറ്റത്ത് സിദ്ധാർത്ഥിനെ നഗ്‌നനാക്കിയിരുത്തി പരസ്യവിചാരണ നടത്തുകയും ഹോസ്റ്റലിലെ മുഴുവൻ അന്തേവാസികളെയും വിളിച്ചുവരുത്തി ഇതിന് സാക്ഷിയാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഉറങ്ങിക്കിടന്ന വിദ്യാർത്ഥികളെ നിർബന്ധിച്ച് സിദ്ധാർത്ഥനെ അടിപ്പിച്ചു. അടിക്കാൻ മടിച്ചവരെ ഭീഷണിപ്പെടുത്തുകയും സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തി സിദ്ധാർത്ഥിനെ അടിപ്പിക്കുകയും ചെയ്തിരുന്നു.