തിരുവനന്തപുരം: പേട്ടയിൽ നിന്ന് ഇതരസംസ്ഥാന തൊഴിലാളികളുടെ 2 വയസുകാരി മകളെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ. കൊല്ലത്ത് നിന്നാണ് പ്രതിയെ ഡിസിപി നിധിൻ രാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്. പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ രണ്ട് ദിവസമായി പ്രതി പോലീസിന്റെ നീരിക്ഷണത്തിലായിരുന്നു. ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ ലഭിച്ചെന്നും ഇന്ന് വൈകിട്ട് 6 മണിക്ക് കമ്മീഷണർ സി.കെ നാഗരാജു മാദ്ധ്യമങ്ങളെ കാണുമ്പോൾ വിവരങ്ങൾ പുറത്തുവിടുമെന്നും അധികാരികൾ അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരി 19-നാണ് ബിഹാർ സ്വദേശികളായ അമർദീപ്- റമീന ദമ്പതികളുടെ മകൾ മേരിയെ തട്ടിക്കൊണ്ടുപോയത്. 20 മണിക്കൂറുകളോളം നീണ്ടുനിന്ന തിരച്ചിലുകൾക്കൊടുവിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.















