ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് വീണ്ടും പിറ്റ് ബുൾ ആക്രമണം. ഡൽഹിയിലെ ജഗത്പുരി മേഖലയിൽ ഏഴുവയസുകാരിയെ അയൽവാസിയുടെ വളർത്തുനായ കടിച്ചു വലിച്ചിഴച്ചു. പെൺകുട്ടിയുടെ കാലിന്റെ വിവിധ ഭാഗങ്ങളിൽ കടിയേറ്റ പാടുകൾ ഉണ്ട്.
വെള്ളിയാഴ്ച രാത്രിയാണ് തന്റെ മകളെ വളർത്തുനായ ആക്രമിച്ചതായി പെൺകുട്ടിയുടെ അമ്മ പോലീസിനെ വിളിച്ചറിയിച്ചത്. പോപോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തി കുട്ടിയെ ചികിത്സയ്‌ക്കായി ഹെഡ്ഗേവാർ ആശുപത്രിയിലേക്ക് മാറ്റി.
ഇരയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, ഐപിസി സെക്ഷൻ 289, 337 എന്നിവ പ്രകാരം നായയുടെ ഉടമയായ ശിവാനന്ദ് ഭാസ്‌കർ എന്നയാൾക്കെതിരെ പോലീസ് കേസെടുത്തു.
രാജ്യതലസ്ഥാനത്തെ ബുരാരി മേഖലയിൽ ഒന്നര വയസുകാരിയെ പിറ്റ് ബുൾ ആക്രമിച്ച് രണ്ട് മാസത്തിന് ശേഷമാണ് പുതിയ സംഭവം. ജനുവരി രണ്ടിന് നടന്ന ആക്രമണത്തിൽ കുഞ്ഞിന്റെ കാലിൽ മൂന്ന് സ്ഥലങ്ങളിൽ പൊട്ടലുണ്ടാവുകയും18 തുന്നലുകൾ ഇടേണ്ടി വരികയും ചെയ്തിരുന്നു. ബുരാരിയിലെ ഉത്തരാഖണ്ഡ് കോളനിയിൽ മുത്തച്ഛന്റെ മടിയിൽ നിന്ന് 18 മാസം പ്രായമുള്ള കുട്ടിയെ ഒരു പിറ്റ്ബുൾ തട്ടിയെടുക്കുകയായിരുന്നു.
ജനുവരി 22 ന് വടക്കുകിഴക്കൻ ഡൽഹിയിലെ വിശ്വാസ് നഗറിൽ രണ്ട് വയസുകാരിയെ വളർത്തുനായ ആക്രമിച്ചിരുന്നു. അതിന് ഒരു ദിവസം മുമ്പ്, വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ മഹേന്ദ്ര പാർക്ക് ഏരിയയിൽ ഏഴുവയസ്സുള്ള ആൺകുട്ടിക്ക് പിറ്റ്ബുൾ ആക്രമിച്ചതിനെ തുടർന്ന് പരിക്കേറ്റിരുന്നു.
പിറ്റ് ബുളുകളെ “അപകടകരമായ” ഇനമായി കണക്കാക്കുന്നതിനാൽ രാജ്യത്ത് വളർത്തുമൃഗങ്ങളായി വളർത്തുന്നത് നിരോധിച്ചിരിക്കുന്നു.
പിറ്റ് ബുൾസ്, റോട്ട്‌വീലർ, നെപ്പോളിറ്റൻ മാസ്റ്റിഫ്, വുൾഫ് ഡോഗ്, ടെറിയർ, അമേരിക്കൻ ബുൾഡോഗ് എന്നിവയുൾപ്പെടെ “അപകടകരമായ” നായ ഇനങ്ങളെ വളർത്തുമൃഗങ്ങളായി വളർത്തുന്നത് നിരോധിക്കുന്ന തീരുമാനം മൂന്ന് മാസത്തിനുള്ളിൽ ഉണ്ടാക്കുമെന്ന് കേന്ദ്രം 2023 ഡിസംബറിൽ ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു .
അതിനിടെ, ഫെബ്രുവരി 24ന് തെരുവ് നായ്‌ക്കൾ കൂട്ടം ചേർന്ന് കൊന്ന ഒന്നരവയസുകാരിയുടെ പിതാവ് 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു.















