തിരുവനന്തപുരം: ശമ്പളം മുടങ്ങിയതോടെ സമരത്തിനൊരുങ്ങി സർക്കാർ ജീവനക്കാർ. നാളെ മുതൽ സർക്കാർ ജീവനക്കാർ നിരാഹാരസമരം ആരംഭിക്കും. സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് സബ് ട്രഷറിക്ക് മുന്നിലാണ് സമരം. ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻസും(FETO) നാളെ ജില്ലാ കേന്ദ്രങ്ങളിൽ ശമ്പളം മുടങ്ങിയതിനെതിരെ പ്രതിഷേധിക്കും.
മൂന്നാം തീയതിയായിട്ടും ചെറിയൊരു വിഭാഗം സർക്കാർ ജീവനക്കാർക്ക് മാത്രമാണ് ശമ്പളമെത്തിയത്. ട്രഷറി സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് വഴി ശമ്പളമെത്തുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവർക്കും ഈ മാസത്തെ ശമ്പളം ലഭിച്ചു. ട്രഷറി സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് വഴി പണം പിൻവലിക്കുന്നതിന് തടമില്ലാത്തതാണ് കാരണം. ശമ്പള വിതരണം നീണ്ടുപോയാൽ പ്രതിഷേധം കടുപ്പിക്കാനാണ് ജീവനക്കാരുടെ തീരുമാനം.