തിരുവനന്തപുരം: പേട്ടയിൽ നിന്ന് ഇതരസംസ്ഥാന തൊഴിലാളികളുടെ രണ്ടുവയസുകാരി മകളെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ഹസന്റെ ലക്ഷ്യം ലൈംഗികാതിക്രമമാായിരുന്നുവെന്ന് പോലീസ്. ഇതിനായാണ് കുട്ടി ഉറങ്ങി കിടന്നപ്പോൾ തട്ടിക്കൊണ്ടുപോയത്. പിന്നീട് കരഞ്ഞപ്പോൾ വായ പൊത്തിപ്പിടിച്ചു. ഇതോടെ കുട്ടിയുടെ ബോധം നഷ്ടപ്പെട്ടു. പിന്നാലെ പ്രതി കുഞ്ഞിനെ ഓടയിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടുവെന്നും പോലീസ് പറഞ്ഞു.
അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ഇയാൾ പോക്‌സോ കേസിലെ പ്രതിയാണ്. വർക്കല അയിരൂരിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ ഉപദ്രവിച്ച കേസിലാണ് ഇയാൾ നേരത്തെ അറസ്റ്റിലായത്. കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുന്നതിന് രണ്ട് ദിവസം മുമ്പാണ് ഇയാൾ ജയിലിൽ നിന്ന് ഇറങ്ങിയത്. കുഞ്ഞിനെ കണ്ടുകിട്ടിയ കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കൊല്ലത്ത് നിന്നാണ് പ്രതി പിടിയിലായത്. ഡിസിപി നിതിൻ രാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ഫെബ്രുവരി 19-നാണ് ബിഹാർ സ്വദേശികളായ അമർദീപ്- റമീന ദമ്പതികളുടെ മകൾ മേരിയെ തട്ടിക്കൊണ്ടുപോയത്. 20 മണിക്കൂറുകളോളം നീണ്ടുനിന്ന തിരച്ചിലുകൾക്കൊടുവിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. കണ്ടെത്തിയപ്പോൾ നിർജലീകരണം സംഭവിച്ച് അവശനിലയിലായിരുന്നു കുഞ്ഞ്.















