അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് രാജ്യത്ത് നൽകി വരുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പൂർത്തിയായി. ഏകദേശം 23.28 ലക്ഷം കുട്ടികൾക്കാണ് പോളിയോ തുള്ളിമരുന്ന് സജ്ജമാക്കിയത്. 23,471 ബൂത്തുകളിലായി അരലക്ഷത്തിൽ അധികം ആരോഗ്യ പ്രവർത്തകർ പോളിയോ വിതരണത്തിന്റെ ഭാഗമായിട്ടുണ്ട്. വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ ഗ്ലോബൽ പോളിയോ നിർമ്മാർജ്ജന സംരംഭത്തെ തുടർന്നാണ് 1995-ൽ ഇത്തരത്തിലൊരു ആശയത്തിന് തുടക്കം കുറിച്ചത്. 100 ശതമാനം വിജയം ലക്ഷ്യം വച്ച് യൂണിവേഴ്‌സൽ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാമിനൊപ്പം ഇന്ത്യ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാമിനും തുടക്കം കുറിക്കുകയായിരുന്നു.
എന്താണ് പോളിയോ രോഗം?
പ്രധാനമായും ചെറിയ കുട്ടികളെയാണ് പോളിയോ മെയിലൈറ്റിസ് എന്ന രോഗം ബാധിക്കുന്നത്. പിള്ളവാതം എന്നും ഇത് അറിയപ്പെടുന്നു. പനി, ഛർദ്ദി, വയറിളക്കം, പേശീവേദന എന്നിവയാണ് പോളിയോ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. പോളിയോ വൈറസ് അതീവ അപകടകാരിയാണെന്ന് പഠനങ്ങളിൽ പറയുന്നു.
ടൈപ്പ് 1,2,3 എന്നിങ്ങനെ മൂന്ന് തരത്തിലുള്ള വൈറസാണുള്ളത്. ഇവ പ്രധാനമായും കുടലുകളിലാണ് കാണപ്പെടുന്നത്. കുടലുകളിൽ പെരുകുന്ന വൈറസ് പിന്നീട് കേന്ദ്രനാഡീവ്യൂഹം, മാംസപേശികൾ, ഞരമ്പുകൾ എന്നിവയെ ബാധിക്കും. ഇതിന് പ്രതിരോധമെന്ന നിലയിലാണ് അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് നിർബന്ധമായും വാക്‌സിൻ എടുക്കുന്നത്. പ്രധാനമായും പോളിയോ വാക്‌സിൻ രണ്ട് തരമുണ്ട്. കുത്തി വയ്‌ക്കുന്നതും വായിലൂടെ തുള്ളിമരുന്നായി നൽകുന്നതുമാണ് ഇവ രണ്ടും.
പോളിയോ വാക്‌സിനേഷൻ നിർബന്ധമായും എടുക്കുന്നതിന് പിന്നിലെ കാരണം…
അഞ്ച് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്കാണ് പോളിയോ വൈറസിനെതിരെ വാക്‌സിനേഷൻ നൽകുന്നത്. ഇന്ത്യയിൽ പോളിയോ മെയിലൈറ്റിസ് (പോളിയോ) ഇല്ലാതാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ സ്ഥാപിച്ച പ്രതിരോധ കുത്തിവയ്പ്പാണ് പൾസ് പോളിയോ. പോളിയോ വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കുന്നത്.















