തിരുവനന്തപുരം: നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസന്‍സ് സസ്‌പെൻഡ് ചെയ്യുന്നത് വൈകും. മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടികൾ നീളുന്നതിനാലാണ് നടപടി വൈകുന്നത്. പോലീസ് എഫ്ഐആറിന്റെ അടിസ്ഥാനത്തില്‍ മാത്രം നടപടി പാടില്ലെന്ന ഗതാഗത കമ്മീഷണറുടെ പുതുക്കിയ സര്‍ക്കുലറിനെ തുടർന്നാണ് തീരുമാനം. പുതിയ സര്‍ക്കുലറിനെ തുടര്‍ന്ന് സുരാജിനെതിരെയുള്ള പരാതി എംവിഡി ഉദ്യോഗസ്ഥന്‍ പ്രത്യേകം അന്വേഷിക്കുമെന്നും അറിയിച്ചു. അന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് ശേഷമാകും നടപടി.
കഴിഞ്ഞ വർഷം ജൂലൈയിൽ എറണാകുളം തമ്മനത്ത് വച്ചാണ് അമിതവേഗത്തിൽ സുരാജ് ഓടിച്ച കാര്‍ ഇടിച്ച് മട്ടാഞ്ചേരി സ്വദേശി ശരത്തിന് പരിക്കേറ്റത്. സംഭവത്തിൽ പാലാരിവട്ടം പോലീസ് സുരാജിനെതിരെ കേസും രജിസ്റ്റർ ചെയ്തിരുന്നു. പോലീസ് കേസ് എംവിഡിക്ക് കൈമാറിയതിന് പിന്നാലെ, മൂന്ന് തവണ സുരാജിന് നോട്ടീസ് നല്‍കിയെങ്കിലും മറുപടി നൽകിയില്ല. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. ഇത് അവഗണിച്ചതിനെ തുടർന്നാണ് ലൈസന്‍സ് റദ്ദ് ചെയ്യാനുള്ള നടപടി ആരംഭിച്ചത്.















