തിരുവനന്തപുരം: മരിച്ച നിലയിൽ കണ്ടെത്തിയ വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർത്ഥിന്റെ വീട് വെറ്ററിനറി സർവ്വകലാശാലയിലെ പുതിയ വിസി സന്ദർശിച്ചു. പുതിയ വൈസ് ചാൻസലർ പി.സി ശശീന്ദ്രൻ സിദ്ധാർത്ഥിന്റെ മാതാപിതാക്കളോട് വിശദമായി സംസാരിച്ചതിന് ശേഷമാണ് മടങ്ങിയത്.
വിഷയത്തിൽ ആരുടെയൊക്കെ ഭാഗത്താണ് തെറ്റു പറ്റിയിട്ടുള്ളതെന്നും കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വിശദമായി പരിശോധിക്കുമെന്നും വി സി പറഞ്ഞു. സർവ്വകലാശാലയുടെ ഭാഗത്തെ വീഴ്ച ഡീൻ വിശദീകരിക്കുമെന്നും വിസി കുടുംബത്തോട് പറഞ്ഞു.
സിദ്ധാർത്ഥന്റെ മരണത്തിൽ നടപടി സ്വീകരിക്കുന്നതിൽ അനാസ്ഥ കാട്ടിയതിന് വെറ്ററിനറി സർവ്വകലാശാല വൈസ് ചാൻസലറിനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. ഡോ. എം.ആർ.ശശീന്ദ്രനാഥിനെ സർവകലാശാലാ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ്ഖാനാണ് സസ്പെൻഡ് ചെയ്തത്. ഇതിന് പിന്നാലെയാണ് വിസിയുടെ ചുമതല വെറ്ററിനറി കോളജ് മുൻ ഡീൻ ഡോ. പി.സി. ശശീന്ദ്രനു നൽകിയത്.
അതേസമയം,സിദ്ധാർത്ഥിന്റെ മരണത്തിൽ നിർണായക തെളിവുകൾ കണ്ടെത്തി. കേസിലെ മുഖ്യ പ്രതിയായ സിൻജോ ജോൺസണിനെ കോളേജ് ക്യാമ്പസിലെ ഹോസ്റ്റല്‍ മുറിയിലെത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് നിർണായക തെളിവുകൾ കണ്ടെത്തിയത്. സിദ്ധാർത്ഥിനെ മർദ്ദിക്കാൻ ഉപയോഗിച്ച ആയുധങ്ങളുൾപ്പെടെ അന്വേഷണ സംഘം കണ്ടെത്തി. മർദ്ദിക്കാൻ ഉപയോഗിച്ച കയർ, ചെരുപ്പ് എന്നിവയും പോലീസ് കണ്ടെടുത്തു. ഹോസ്റ്റലിലെ 21-ാം നമ്പര്‍ മുറിയിലും നടുത്തളത്തിലും ഉള്‍പ്പെടെയാണ് തെളിവെടുപ്പ് നടന്നത്. ഇവിടെ വച്ചായിരുന്നു സിദ്ധാർത്ഥിന് ക്രൂര മർദ്ദനമുണ്ടായത്. ആക്രമത്തിന് ഉപയോഗിച്ച എല്ലാ ആയുധങ്ങളും പോലീസ് ഹോസ്റ്റൽ മുറിയിൽ നിന്നും കണ്ടെടുത്തു.















