കൊൽക്കത്ത ; കൊൽക്കത്തയിലെ എസ്പ്ലനേഡിൽ നിന്ന് ഹൗറയിലേയ്‌ക്കുള്ള മെട്രോ സർവീസ് മാർച്ച് ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും . രാജ്യത്ത് ആദ്യമായി നദിക്ക് അടിയിൽ നിർമിച്ച തുരങ്കത്തിൽ നിന്നാണ് ഈ മെട്രോയുടെ പ്രവർത്തനം ആരംഭിക്കുന്നത് . ഹൂഗ്ലി നദിക്ക് താഴെയുള്ള 520 മീറ്റർ ദൂരം 45 സെക്കൻഡിൽ മെട്രോ പിന്നിടും.
16.6 കിലോമീറ്റർ പാതയിലൂടെ ഹൗറ മൈതാനത്തെ രാജർഹട്ടുമായി ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന ഈസ്റ്റ് വെസ്റ്റ് മെട്രോ പദ്ധതിയുടെ ഭാഗമാണിത്. 2023 ഏപ്രിലിൽ രാജ്യത്ത് ആദ്യമായി ഹൂഗ്ലി നദിക്ക് താഴെയുള്ള തുരങ്കത്തിലൂടെ കടന്ന് കൊൽക്കത്ത മെട്രോ ചരിത്രം സൃഷ്ടിച്ചിരുന്നു .
സമുദ്രനിരപ്പിൽനിന്ന് ഏറ്റവും താഴെയായി സ്ഥിതിചെയ്യുന്ന മെട്രോ സ്‌റ്റേഷനാണ് ഹൗറ. ഉപരിതലത്തില്‍നിന്ന് 33 മീറ്റര്‍ താഴ്ചയിലാണ് സ്റ്റേഷനുള്ളത്. ജലോപരിതലത്തില്‍നിന്ന് 32 മീറ്റര്‍ താഴ്ചയിലാണ് തുരങ്കം സ്ഥിതിചെയ്യുന്നത് . ഹൂഗ്ലി നദിയുടെ അടിത്തട്ടിലുള്ള തുരങ്കങ്ങൾ എഞ്ചിനീയറിംഗ് വിസ്മയമായി കണക്കാക്കപ്പെടുന്നു.
തുരങ്കം സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ 2017-ൽ ആണ് പൂർത്തിയായത്. അണ്ടർവാട്ടർ ടണലുകൾ കൊൽക്കത്തയെയും ഹൗറയെയും ഹൗറയിലെ ഒരു മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കും.
നിലവിൽ സാൾട്ട് ലേക്ക് സെക്ടർ V മുതൽ സീൽദാ വരെയുള്ള ഈസ്റ്റ് വെസ്റ്റ് മെട്രോ ലൈനിന്റെ ഏകദേശം 9.1 കിലോമീറ്റർ പ്രവർത്തിക്കുന്നുണ്ട്. ഈസ്റ്റ് വെസ്റ്റ് മെട്രോ റെയിൽവേയുടെ സേവനങ്ങൾ 2020 ഫെബ്രുവരിയിലും ഏറ്റവും പുതിയത് 2022 ജൂലൈയിലും ഘട്ടം ഘട്ടമായി ആരംഭിച്ചു.















