ബഹിരാകാശ മേഖലയിൽ ഇന്ത്യൻ ആധിപത്യമാണ് പ്രകടമാകുന്നത്. ലോകരാജ്യങ്ങളോട് കിടപ്പിടിക്കും വിധത്തിലുള്ള നിരവധി ദൗത്യങ്ങളാണ് കഴിഞ്ഞ ഒരു വർഷം മാത്രം ഭാരതം നടത്തിയത്. ഇസ്രോയും പ്രഗത്ഭരായ ശാസ്ത്രജ്ഞരുമാണ് ഓരോ സുവർണ നേട്ടങ്ങൾക്ക് പിന്നിൽ. ഇതിന് പിന്നാലെ ഇന്ത്യയുടെ സ്വന്തം ബഹിരാകശ നിലയം നിർമ്മിക്കുകയെന്ന ലക്ഷ്യത്തിലാണ് രാജ്യം.
2035-ഓടെ ‘ഭാരതീയ് അന്തരീക്ഷ് നിലയത്തിന്റെ’ നിർമ്മാണം പൂർത്തിയാക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു. രാജ്യത്തിന്റെ ആദ്യത്തെ ബഹിരാകാശ നിലയത്തിന്റെ പ്രവർത്തനങ്ങൾ എത്രയും വേഗത്തിൽ ആരംഭിക്കുമെന്ന് ഐഎസ്ആർഒ മേധാവി എസ്. സോമനാഥും വ്യക്തമാക്കി. നിലയത്തിന്റെ ആദ്യ മെഡ്യൂളുകൾ ഏതാനും വർഷത്തിനുള്ളിൽ വിക്ഷേപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹിരാകാശ നിലയത്തിനായുള്ള സാങ്കേതിക വിദ്യകൾ ഐഎസ്ആർഒ വികസിപ്പിക്കാനുള്ള നീക്കം ആരംഭിച്ച് കഴിഞ്ഞു. ഇന്ത്യയുടെ ബഹിരാകാശ നിലയത്തിന്റെ സവിശേഷതകളറിയാം..
ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ ഉയരത്തിൽ, ലോ എർത്ത് ഓർബിറ്റിലായിരിക്കും ബഹിരാകാശ നിലയം സ്ഥാപിക്കുക. രണ്ട് മുതൽ നാല് വരെ ബഹിരാകാശ സഞ്ചാരികളെ ഉൾക്കൊള്ളാൻ ശേഷിയുള്ളതായിരിക്കും നിലയം. റഷ്യ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങൾ മാത്രമാണ് ഇതുവരെ ബഹിരാകാശ നിലയം സ്ഥാപിച്ചിട്ടുള്ളത്. ഭാരതീയ് അന്തരീക്ഷ് നിലയം യാഥാർത്ഥ്യമാകുന്നതോടെ പട്ടികയിൽ നാലം സ്ഥാനത്തായി ഇന്ത്യയും ഇടം നേടും.
നിലയത്തിന്റെ ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെൻ്റർ ഡയറക്ടർ ഡോ. ഉണ്ണികൃഷ്ണൻ നായർ പറഞ്ഞു. ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റായ ബാഹുബലി അല്ലെങ്കിൽ ലോഞ്ച് വെഹിക്കിൾ മാർക്ക് 3 ഉപയോഗിച്ചാകും ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ ഘടകങ്ങളെ ഉയർത്തുകയെന്നും അദ്ദേഹം പറഞ്ഞു.
പ്രാഥമിക കണക്കുകൾ പ്രകാരം ഏകദേശം 20 ടൺ ഭാരമാകും ബഹിരാകാശ നിലയത്തിന് ഉണ്ടാവുക. ദൃഢമായ ഘടനയാകും ഇത്. പിന്നീട് ഇതിലേക്ക് ഊതി വീർപ്പിക്കാവുന്ന മൊഡ്യൂളുകൾ കൂടി കൂട്ടിച്ചേർക്കപ്പെടും. ഇതോടെ നിലയത്തിന്റെ ആകെ ഭാരം 400 ടൺ ആകും. നാല് വ്യത്യസ്ത മൊഡ്യൂളുകളും നാല് ജോഡി സോളാർ പാനലുകളുമാകും നിലയത്തിന് ഉണ്ടാവുക. അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് സ്ഥിരമായി ഡോക്ക് ചെയ്ത സുരക്ഷാ ക്രൂ മൊഡ്യൂൾ എസ്കേപ്പ് സംവിധാനവും ഇതിലുണ്ടാകും.
ഇന്ത്യയുടെ പരിസ്ഥിതിയുമായി പൊരുത്തപ്പെടും വിധത്തിലുള്ള സംവിധാനമാകും പ്രധാന മൊഡ്യൂളിൽ സജ്ജമാക്കുക. ഓക്സിജൻ ഉത്പാദിപ്പിക്കാനും കാർബൺ ഡൈ ഓക്സൈഡ് നീക്കം ചെയ്യാനും ആർദ്രത നിലനിർത്താനും സഹായിക്കും. ഇതിന് പുറമേ 2040-ഓടെ ആദ്യത്തെ ഇന്ത്യക്കാരനെ ചന്ദ്രനിലേക്ക് അയക്കുക എന്നിവയുൾപ്പെടെയുള്ള വമ്പൻ പദ്ധതികൾക്കാണ് ഇന്ത്യ പദ്ധതിയിടുന്നത്.















