ജാംനഗറിൽ നടന്ന ആനന്ദ് അംബാനി- രാധിക മെർച്ചന്റ് പ്രീ വെഡ്ഡിംഗ് ആഘോഷപരിപാടികളുടെ അവസാന ദിവസമായ ഇന്നലെ അതിഥികളെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലാഴ്‌ത്തിയത് റിലയൻസ് ചെയർപേഴ്‌സൺ നിതാ അംബാനിയുടെ നൃത്തമായിരുന്നു. നിതാ അംബാനിയുടെ മകനും മരുമകൾക്കും കുടുംബത്തിനും സമർപ്പിച്ച മനോഹരമായ ചുവടുകളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നത്. ബാല്യകാലം മുതൽ കേട്ടുവന്നിരുന്ന ദേവി സ്തുതിയായ വിശ്വംബരി രാഗത്തിലാണ് നിത ചുവടുകൾ വച്ചത്.
” ദൈവികതയും പാരമ്പര്യവും വിളിച്ചോതുന്ന നിത അംബാനിയുടെ മനോഹരമായ നൃത്തം. ശക്തിയുടെ മൂർത്തീ ഭാവമായ ഭഗവതിയുടെ വിശ്വംബരി സ്തുതിയിലാണ് നൃത്തം അവതരിപ്പിച്ചിരിക്കുന്നത്. ബാല്യകാലം മുതൽ നവരാത്രി സമയങ്ങളിൽ അവർ ഈ സ്തുതി കേട്ടാണ് വളർന്നത്. ഇന്ന് നിതയുടെ പുത്രനായ ആനന്ദിന്റെയും മരുമകളായ രാധികയുടെയും വിവാഹത്തിന് അനുഗ്രഹം തേടുന്നതിനായി അവർ ഈ നൃത്തം ദേവിക്ക് സമർപ്പിക്കുന്നു. ഇതിനൊപ്പം തന്റെ കൊച്ചുമക്കളായ ആദ്യയ്‌ക്കും വേദയ്‌ക്കും ഒപ്പം സ്ത്രീ ശക്തിയുടെ പ്രതീകങ്ങളായ മറ്റു പെൺകുട്ടികൾക്കും നിത ഈ നൃത്തം സമർപ്പിക്കുന്നു.” എന്ന കുറിപ്പോടെ മുകേഷ് അംബാനിയുടെ കൾച്ചറൽ സെന്ററാണ് സമൂഹമാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ നിതയുടെ നൃത്തം പങ്കുവച്ചത്.
#WATCH | Founder and chairperson of Reliance Foundation Nita Ambani performed at Anant Ambani-Radhika Merchant’s pre-wedding celebrations in Jamnagar, Gujarat. pic.twitter.com/7XvDzbr7Qa
— ANI (@ANI) March 3, 2024
3 ദിവസം നീണ്ടു നിന്ന പ്രീ വെഡ്ഡിംഗ് ആഘോഷ പരിപാടികൾക്കാണ് ജാംനഗർ കഴിഞ്ഞ ദിവസങ്ങളിൽ സാക്ഷ്യം വഹിച്ചത്. താരനിബിഡമായ ആഘോഷ പരിപാടികൾ അംബാനി കുടുംബം കെങ്കേമമാക്കിയിരുന്നു. ഇന്നലെ ജാംനഗറിൽ അരങ്ങേറിയ മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും നൃത്തവും അതിഥികളുടെ ശ്രദ്ധയാകർഷിക്കുകയും സോഷ്യൽ മീഡിയകളിൽ വൈറലാവുകയും ചെയ്തിരുന്നു.















