കോഴിക്കോട്: കാട്ടുപോത്ത് ജനവാസ മേഖലകളിലിറങ്ങിയതിനെ തുടർന്ന് കൂരാച്ചുണ്ട് പഞ്ചായത്തിലെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തിലെ ടൂറിസം കേന്ദ്രങ്ങളിലാണ് പ്രവേശനം നിരോധിച്ചിരിക്കുന്നത്. തോണികടവ്, കരിയാത്തുംപാറ എന്നീ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം താത്കാലികമായി നിർത്തിയെന്ന് ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
ഇന്ന് രാവിലെയോടെയാണ് പ്രദേശത്ത് കാട്ടുപോത്ത് നിലയുറപ്പിച്ചത്. പ്രദേശവാസികൾക്ക് പിന്നാലെ പാഞ്ഞടുത്ത പോത്ത് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കൂരാച്ചുണ്ട് അങ്ങാടിയിലാണ് പോത്ത് ആദ്യമെത്തിയത്. ഇവിടെ നിരവധി ആളുകൾ എത്താറുള്ളതിനാൽ ആശങ്ക തുടരുകയാണ്. ഇതുവരെയും പോത്തിനെ പിടികൂടാൻ സാധിക്കാത്തതും ആശങ്കയ്‌ക്ക് വഴിവയ്‌ക്കുന്നുണ്ട്.















