ന്യൂഡൽഹി: മനുഷ്യനെ ബഹിരാകാശത്ത് എത്തിച്ച് സുരക്ഷിതമായി തിരികെ ഭൂമിയിലെത്തിക്കുന്ന ഗഗൻയാൻ ദൗത്യം മുന്നേറുന്നു. അറബിക്കടലിലാകും ബഹിരാകാശ യാത്രികർ തിരികെ പറന്നിറങ്ങുക. അനുകൂലമല്ലാത്ത സാഹചര്യമാണ് ഉണ്ടാകുന്നതെങ്കിൽ യാത്രികരെ ഇറക്കുന്നതിനായി ലോകമെമ്പാടും 48 ബാക്കപ്പ് പോയിന്റുകളും ഇസ്രോ തിരിച്ചറിഞ്ഞുവെന്ന വിവരമാണ് പുറത്തുവരുന്നത്.
എല്ലാ ദൗത്യവും സുരക്ഷിതമായ സാഹചര്യത്തിൽ, അല്ലെങ്കിൽ പോയിന്റിലാകും വിജയകരമാവുക. സാധാരണ പേടകങ്ങളെ ബഹിരാകാശത്തേക്ക് അയക്കും പോലെയല്ല ഗഗൻയാൻ ദൗത്യം. ഉപകരണങ്ങൾക്ക് പകരം മനുഷ്യരാണ് ബഹിരാകാശ യാത്ര പുറപ്പെടുന്നത്. ക്രൂവിന്റെ സുരക്ഷ ഉറപ്പാക്കാൻ ഈ സാഹചര്യത്തിൽ രണ്ടാമതൊരു അവസരമില്ല. അതിനാൽ തന്നെ സൂക്ഷ്മമായാണ് ഓരോന്നും പദ്ധതിയിടുന്നതെന്ന് ഇസ്രോയിലെ മുതിർന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ക്യാപ്‌സ്യൂൾ ഇറങ്ങാൻ സാധ്യതയുള്ള പോയിൻ്റുകൾ അടയാളപ്പെടുത്തി. ദൗത്യത്തിലെ ഒരു ചെറിയ വ്യത്യാസം പോലും നൂറുകണക്കിന് കിലോമീറ്റർ അകലെ ക്യാപ്‌സ്യൂൾ ലാൻഡ് ചെയ്യുന്നതിന് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നംഗ സംഘത്തെ ഭൂമിയുടെ 400 കിലോമീറ്റർ ഭ്രമണപഥത്തിൽ മൂന്ന് ദിവസം താമസിപ്പിക്കുകയാണ് ഗഗൻയാൻ ദൗത്യം ലക്ഷ്യം വയ്‌ക്കുന്നത്. തിരികെ എത്തുന്ന യാത്രികർക്കായി രണ്ട് ലാൻഡിംഗ് പോയിന്റുകളാണ് പ്രാഥമികഘട്ടത്തിൽ സജ്ജമാക്കിയിരുന്നത്. അറബിക്കടലും ബംഗാൾ ഉൾക്കടലുമാണ് അവ. എന്നാൽ ബംഗാൾ ഉൾക്കടലിന്റെ പ്രവചാനീതമായ മാറ്റങ്ങളും വെള്ളത്തിന്റെ ഘടനയും ശാസ്ത്രജ്ഞരെ ലാൻഡിംഗ് സൈറ്റാക്കി മാറ്റുന്നതിൽ നിന്ന് പിന്നോട്ട് വലിച്ചു. പിന്നാലെ യാത്രികരെ അറബിക്കടലിൽ ഇറക്കാമെന്ന് പദ്ധതിയിട്ടു.
വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻമാരായ പ്രശാന്ത് ബാലകൃഷ്ണൻ നായർ, അജിത് കൃഷ്ണൻ, അംഗദ് പ്രതാപ്, വിംഗ് കമാൻഡർ ശുഭാൻഷു ശുക്ല എന്നിവരാണ് ബഹിരാകാശത്തേക്ക് കുതിക്കുന്ന യാത്രികരർ. റഷ്യയിലും ഇന്ത്യയിലുമായി കഴിഞ്ഞ അഞ്ച് വർഷമായി ഗഗൻയാൻ ദൗത്യത്തിനായി സംഘം പരിശീലിക്കുന്നു.















