മുംബൈ: സിനിമകളുടെ പേരിൽ എന്നും വാർത്തകളിൽ നിറയുന്നയാളാണ് രൺദീപ് ഹൂഡ. രൺദീപ് ഹൂഡയ്‌ക്ക് സോഷ്യൽ മീഡിയയിൽ വലിയ ആരാധകരുമുണ്ട്. രൺദീപ് ഹൂഡയുടെ സിനിമകൾ തകർപ്പൻ പ്രകടനത്തോടെയാണ് പുറത്തിറങ്ങുന്നതും . ഓരോ തവണയും വ്യത്യസ്തമായ വിഷയങ്ങളുമായാണ് രൺദീപ് ഹൂഡ എത്തുന്നത് . വിനായക് ദാമോദർ സവർക്കറുടെ ചിത്രവുമായാണ് രൺദീപ് ഹൂഡ ഇത്തവണ എത്തുന്നത്. ഈ സിനിമ റിലീസിന് മുമ്പ് തന്നെ വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ് .
കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത് . ഇതിനിടെ രൺദീപ് ഹൂഡ സവർക്കറെ പറ്റി പറഞ്ഞ കാര്യങ്ങളും വൈറലാകുകയാണ് . സവർക്കർ ഒരിക്കലും മാപ്പു പറയുന്ന ആളല്ലെന്ന് രൺദീപ് ഹൂഡ പറഞ്ഞു.
ഇത് പ്രോപഗണ്ട വിരുദ്ധ ചിത്രമാണ് . പതിറ്റാണ്ടുകളായി സവർക്കർക്കെതിരെ പ്രചരിക്കുന്ന എല്ലാ പ്രോപഗണ്ടകളെയും എതിർക്കുന്നതാകും ചിത്രം. സവർക്കർ മാപ്പുപറയുന്ന ഒരാളല്ല. അദ്ദേഹം മാത്രമല്ല, നിരവധി പേർ ദയാഹർജി നൽകിയിട്ടുണ്ട്. ഇതേക്കുറിച്ച് ചിത്രത്തിൽ വിശദമായി പരാമർശിക്കുന്നുണ്ട്. ജാമ്യാപേക്ഷകളും ഹർജികളുമെല്ലാമുണ്ട്. അതൊക്കെ തടവുപുള്ളികളുടെ അവകാശമാണ്. കോടതിയിൽ പോയവർക്ക് അറിയാം അതിനെ എങ്ങനെയാണ് അഭിസംബോധന ചെയ്യുന്നതെന്ന്.’’ – ഹൂഡ പറയുന്നു.
സവർക്കർ വളരെ ധീരനായിരുന്നു, അദ്ദേഹം ഒരിക്കലും ഭീരു ആയിരുന്നില്ല.ഒരിക്കലും മാപ്പു പറയുന്ന ആളുമല്ല – രൺദീപ് ഹൂഡ പറഞ്ഞു.