അഹമ്മദാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ കോൺഗ്രസിന് വീണ്ടും തിരിച്ചടി. ഗുജറാത്തിൽ കോൺഗ്രസ് നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. ഗുജറാത്ത് പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വർക്കിംഗ് പ്രസിഡൻ്റ് അംബ്രീഷ് ദേർ ബിജെപിയിൽ ചേർന്നു. ഗുജറാത്തിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര പ്രവേശിക്കാനിരിക്കെയാണ് പാർട്ടിയുടെ പ്രധാന നേതാവ് തന്നെ കോൺഗ്രസിൽ നിന്നും രാജി വച്ചത്.
മുൻ കോൺഗ്രസ് എംഎൽഎമാരായ അർജുൻ മോദ്‌വാദിയ, അംബ്രിഷ് ദേർ, മുലു ഭായ് കണ്ടോറിയ തുടങ്ങിയവരും അംബ്രീഷ് ദേറിനൊപ്പം ബിജെപിയിൽ അംഗത്വം എടുത്തിട്ടുണ്ട്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സി ആർ പാട്ടീലിന്റെ സാന്നിധ്യത്തിലാണ് മൂന്ന് നേതാക്കളും ബിജെപിയിൽ ചേർന്നത്.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഏതാനും ദിവസങ്ങൾക്കുള്ളിൽ ഗുജറാത്തിൽ പ്രവേശിക്കും. ഈ പശ്ചാത്തലത്തിൽ തിങ്കളാഴ്ച ഗുജറാത്ത് കോൺഗ്രസ് വാർത്താസമ്മേളനം സംഘടിപ്പിച്ചിരുന്നു. എന്നാൽ, ഈ വാർത്താസമ്മേളനത്തിൽ നിന്ന് അർജുൻ മോദ്‌വാദിയ വിട്ടുനിന്നിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം കോൺഗ്രസിൽ അസ്വസ്ഥനാണെന്ന് വാർത്ത വന്നത്. അന്ന് വൈകിട്ട് തന്നെ അദ്ദേഹം രാജിയും വച്ചു.















