എറണാകുളം: കേരളത്തിൽ മനുഷ്യന്റെ ജീവന് ഒരു വിലയുമില്ലെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ ദേവൻ. പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിലും വന്യജീവി ആക്രമണത്തിൽ ജനങ്ങൾ കൊല്ലപ്പെടുന്ന വിഷയത്തിലും പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ നടക്കുന്ന മരണങ്ങളിലൊന്നും സർക്കാർ ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ലെന്നും ജനങ്ങൾ ഒരുമിച്ച് തെരുവിലിറങ്ങേണ്ട സാഹചര്യമാണുള്ളതെന്നും ദേവൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
“വന്യജീവികളിൽ നിന്നുള്ള സംരക്ഷണത്തിന് വേണ്ടി കേന്ദ്രസർക്കാർ ഒരുപാട് ഫണ്ടുകൾ നൽകിയിട്ടുണ്ട്. എന്നാൽ ആ പണം ഒന്നും ഇവിടെ ഉപയോഗിക്കപ്പെടുന്നില്ല. മനുഷ്യനെ അടിച്ച് കൊന്നാലും ശരി, ആന ചവിട്ടി കൊന്നാലും ശരി ഇതിലൊന്നും ആരും ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ല. ഇവിടുത്തെ ഭരണാധികാരികൾ ഒന്നും മിണ്ടുന്നില്ല. വർഷങ്ങളായി കേരളത്തിൽ അരക്ഷിതാവസ്ഥയാണ്. അതിന് ഒരു പരിഹാരം കാണണം”.
“ജനങ്ങളെല്ലാം ഇറങ്ങണം. കഴിഞ്ഞ ദിവസം ഒരു വിദ്യാർത്ഥിയെ അടിച്ചുകൊന്നു. ഇതിൽ ഭരണകൂടത്തിലെ ഒരാളും പ്രതികരിച്ച് കണ്ടില്ല. ദുഃഖമുണ്ട്. പ്രതിഷേധങ്ങളൊക്കെ ഒരുപാട് കണ്ടിട്ടുണ്ട്. പക്ഷെ ഒന്നും പരിഹാരം കണ്ടിട്ടില്ല. കേരളത്തിൽ മനുഷ്യന്റെ ജീവന് ഒരു വിലയുമില്ല. അത് മാറണമെങ്കിൽ രാഷ്‌ട്രീയ-മത ഭേദമന്യേ ജനങ്ങൾ മുന്നിട്ടിറങ്ങണം”- ദേവൻ പറഞ്ഞു.















