ന്യൂഡൽഹി: സനാതനധർമത്തെ അധിക്ഷേപിച്ചിച്ചുകൊണ്ടുള്ള ഉദയനിധി സ്റ്റാലിന്റെ പരമാർശത്തിൽ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറയാനിരിക്കെ കോൺഗ്രസ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. സനാതനധർമത്തെയും ഹൈന്ദവ സമൂഹത്തെയും കോൺഗ്രസ് പലതവണ അധിക്ഷേപിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഹിമാചൽ പ്രദേശിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘ഇന്ത്യയെ വിഭജിക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമാണ് കോൺഗ്രസിനുള്ളത്. അവർ പാകിസ്താൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർത്തുന്നു. കോൺഗ്രസ് ഇന്ത്യയെ ഒരു രാജ്യമായി കണക്കാക്കുന്നില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ എന്തിനാണ് വിഭജന രാഷ്‌ട്രീയം ഉയർത്തി പ്രചാരണം നടത്തുന്നത്. കോൺഗ്രസിന്റെ ഉന്നത നേതാക്കൾ ഇതിന് ഉത്തരം പറയേണ്ടിവരും. രാജ്യത്തെ തകർക്കാൻ ആഗ്രഹിക്കുന്നവർക്കൊപ്പമാണ് കോൺഗ്രസ് എന്നും നിലകൊള്ളുന്നത്’- അനുരാഗ് ഠാക്കൂർ പറഞ്ഞു.
സനാനതധർമത്തിനെതിരെയുള്ള അധിക്ഷേപ പരമാർശത്തിൽ ഉദയനിധിയടക്കമുള്ള ഡിഎംകെ നേതാക്കൾക്കെതിരായ ഹർജിയാണ് ഇന്ന് സുപ്രീം കോടതി പരിഗണിക്കുന്നത്. സനാതനധർമ പരാമർശത്തിൽ കോടതി കഴിഞ്ഞ ദിവസം ഉദയനിധി സ്റ്റാലിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഒരു മന്ത്രിയാണെന്നും പരാമർശം നടത്തുമ്പോൾ അതിന്റെ അനന്തരഫലങ്ങൾ അറിഞ്ഞിരിക്കണമെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.















