കോഴിക്കോട്: വന്യജീവി ആക്രമണത്തിൽ കർഷകർ മരിക്കുന്നത് പതിവായതോടെ സർക്കാരിനെ വിമർശിച്ച് താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ.
ജീവന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വേണ്ടി വന്നാൽ വെടിവെച്ച് കൊല്ലാൻ പോലും മടിക്കില്ല. കർഷകരുടെ സഹായമില്ലാതെ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കർഷകരുടെ മനസ് ഭരണാധികാരികൾക്കറിയില്ല. അവർ കർഷകരുടെ പരാതികൾ ചവറ്റുകുട്ടയിലെറിഞ്ഞു. ഇനി ഒരു ദുരന്തമുണ്ടാകാൻ അനുവദിക്കില്ലെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.
വന്യ മൃഗങ്ങളല്ല, നാട്ട് മൃഗങ്ങൾ വന്നാലും എതിർക്കും. വന്യമൃഗങ്ങളെ കാട്ടിൽ തടഞ്ഞ് നിർത്താൻ വനം വകുപ്പിന് കഴിഞ്ഞില്ലെങ്കിൽ അത് ജനം ഏറ്റെടുക്കും. അതിനുള്ള സംവിധാനങ്ങളും ഉണ്ട്. മലയോര മേഖലകളിലെ ഭരണം ഏറ്റെടുക്കാൻ മടിയില്ല, വിഡ്ഢികളാക്കാമെന്ന് കരുതരുത്. കർഷകരെ സംരക്ഷിക്കാനുള്ള ബാധ്യത വനംവകുപ്പ് ഉദ്യോഗസ്ഥർക്കുണ്ട്. ദുരന്ത ഭരണം എന്നുവേണം നിലവിലെ സർക്കാർ ഭരണത്തെ പറയാൻ.വെടിവെച്ച് കൊല്ലുമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ട്. പത്ത് ലക്ഷം ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബിഷപ്പ് വ്യക്തമാക്കി.















