മുംബൈ: ട്രെയിനിൽ നിന്നും വീണ് വനിതാ പോലീസ് കോൺസ്റ്റബിൾക്ക് മരണം. വനിതാ കോൺസ്റ്റബിൾ അശ്വിനി ഡൊമാഡെയാണ് (27) യാത്ര ചെയ്യുന്നതിനിടെയാണ് ലോക്കൽ ട്രെയിനിൽ നിന്ന് വീണത്. വാതിലിനോട് ചേർന്നായിരുന്നു ഇവർ യാത്ര ചെയ്തത്. ഭർത്താവിനൊപ്പമായിരുന്നു അശ്വിനി.
നാഹൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും പെട്ടെന്ന് ട്രെയിൻ നീങ്ങിയപ്പോൾ തെറിച്ചുവീഴുകയായിരുന്നു. വീണതിന് പിന്നാലെ മറ്റൊരു ട്രെയിനിൽ തട്ടുകയും ചെയ്തു. രക്ഷിക്കാൻ ശ്രമിച്ചിട്ടും ഭർത്താവിന്റെ കൈവഴുതി വീഴുകയും ഡോംബിവിലിയിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ ഇടിക്കുകയുമായിരുന്നു.
റെയിൽവേ പോലീസിന്റെയും പോർട്ടറുടെയും സഹായത്തോടെ അശ്വിനിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചക്ക് 2.10ന് മരിക്കുകയായിരുന്നു. അശ്വിനിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു.
താനെയിലെ പോലീസ് ആസ്ഥാനത്തായിരുന്നു അശ്വിനിയെ പോസ്റ്റ് ചെയ്തിരുന്നത്. വിവാഹത്തിന് ശേഷം കൽവ ഈസ്റ്റിലാണ് ഇവരുടെ താമസം. ഭർത്താവിന് സ്വകാര്യ കമ്പനിയിലാണ് ജോലി.