എറണാകുളം: എസ്എഫ്‌ഐ നേതാവ് എം.അഭിമന്യു കൊലപാതക കേസുമായി ബന്ധപ്പെട്ട രേഖകൾ കാണാതെ പോയതിൽ വിമർശനവുമായി നടൻ ഹരീഷ് പേരടി. അഭിമന്യു വധക്കേസുമായി ബന്ധപ്പെട്ട് എറണാകുളം സെൻട്രൽ പോലീസ് എറണാകുളം സെക്ഷൻസ് കോടതിയിൽ സമർപ്പിച്ച രേഖകളാണ് കാണാതെ പോയത്. കുറ്റപത്രം അടക്കമുള്ള രേഖകളാണ് വിചാരണ തുടങ്ങാനിരിക്കെ നഷ്ടപ്പെട്ടിരിക്കുന്നത്. അഭിമന്യുവിന് ഇതാണ് അവസ്ഥയിയെങ്കിൽ പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിൽ എസ്എഫ്‌ഐയുടെ ആൾക്കൂട്ട വിചാരണയെത്തുടർന്ന് മരണപ്പെട്ട സിദ്ധാർത്ഥിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ഹരീഷ് പേരടി വിമർശിച്ചു.
“അഭിമന്യുവിന് ഇതാണ് അവസ്ഥയെങ്കിൽ സിദ്ധാർത്ഥിന്റെ കാര്യം കട്ടപൊക. തിരഞ്ഞെടുപ്പ്, വോട്ട് രാഷ്‌ട്രീയം, അധികാരം. അതിനിടയിൽ സാഹചര്യങ്ങൾക്കനുസരിച്ച് പല രേഖകളും മുങ്ങുകയും പൊന്തുകയും ചെയ്യുന്നു. ജനാധിപത്യം കയ്യിൽ പുരളുന്ന വെറും മഷി മാത്രമാവുന്നു. ജീവൻ നഷ്ടപ്പെട്ടവനും അവന്റെ കുടുംബത്തിനും കുറേ സ്വപ്നങ്ങളും യാഥാർത്ഥ്യവും നഷ്ടമാവുന്നു, ദുരന്ത കേരളം”- എന്നാണ് അഭിമന്യു കൊലപാതക കേസുമായി ബന്ധപ്പെട്ട രേഖകൾ കാണാതെ പോയി എന്ന വാർത്ത പങ്കുവെച്ചുകൊണ്ട് ഹരീഷ് പേരടി സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചത്.
രേഖകൾ നഷ്ടമായ വിവരം സെക്ഷൻസ് ജഡ്ജി ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2018 സെപ്റ്റംബർ 26-നാണ് കുറ്റപത്രം സമർപ്പിച്ചത്. മഹാരാജാസ് കോളേജിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ- ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് 2018 ജൂലൈ 2-നാണ് അഭിമന്യുവിന് ജീവൻ നഷ്ടമായത്.