ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായേക്കുമെന്ന് റിപ്പോർട്ട് . ബംഗാളിലെ ബസിർഹട്ട് മണ്ഡലത്തിൽ നിന്ന് ഷമി തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ് ദേശീയ മാദ്ധ്യമത്തിന്റെ റിപ്പോർട്ട് .
ബിജെപി ഇതുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി സംസാരിച്ചതായും , എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഷമിയുടേതായിരിക്കുമെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു. നിലവിൽ ശസ്ത്രക്രിയയ്‌ക്ക് ശേഷം ക്രിക്കറ്റിൽ നിന്ന് ഇടവേളയിലാണ് ഷമി.
ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റശേഷം അപ്രതീക്ഷിതമായി ഇന്ത്യന്‍ ഡ്രസ്സിംഗ് റൂം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ താരങ്ങളെ ആശ്വസിപ്പിച്ചതിനൊപ്പം മുഹമ്മദ് ഷമിയെ ചേര്‍ത്ത് പിടിച്ചിരുന്നു. ലോകകപ്പിലെ ആദ്യ നാലു മത്സരങ്ങളിലും പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ലഭിക്കാതിരുന്ന ഷമി ഹാര്‍ദ്ദിക് പാണ്ഡ്യക്ക് പരിക്കേറ്റതോടെയാണ് പ്ലേയിംഗ് ഇലവനിലെത്തിയത്. പിന്നീട് കളിച്ച ഏഴ് മത്സരങ്ങളില്‍ രണ്ട് അഞ്ച് വിക്കറ്റ് നേട്ടമുള്‍പ്പെടെയാണ് ഷമി 24 വിക്കറ്റുമായി ലോകകപ്പിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാമത് എത്തിയത്.















