ഓൺലൈൻ ഇടപാടുകളും സേവനങ്ങളും ഇന്ന് അനുദിനം വർദ്ധിച്ചു വരികയാണ്. ഇപ്പോഴിതാ ഇൻഷുറൻസിനും ഓൺലൈൻ പ്ലാറ്റ്‌ഫോം എത്തിയിരിക്കുകയാണ്. ഇൻഷുറൻസ് പദ്ധതി എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാരാണ് ഓൺലൈൻ പ്ലാറ്റ്‌ഫോം സജ്ജമാക്കിയത്. ബീമാ സുഗം പേരിൽ നിലവിൽ ഇൻഷുറൻസിനായി ഓൺലൈൻ പ്ലാറ്റ്‌ഫോം തയാറാണ്.
എന്താണ് ബീമാ സുഗം?
ഓൺലൈൻ മുഖേന ഇൻഷുറൻസ് വാങ്ങുന്നതിനും പുതുക്കുന്നതിനും പോർട്ട് ചെയ്യുന്നതിനും നിക്ഷേപകർക്ക് താങ്ങാകുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് ബീമാ സുഗം. ബീമാ വാഹക് എന്നറിയപ്പെടുന്ന ഇൻഷുറൻസ് ഏജന്റുമാർക്കും ഇടനിലക്കാർക്കും ഉപയോക്താക്കളെ സഹായിക്കാനും ഇതിലൂടെ സാധ്യമാകും.
കുറഞ്ഞ പ്രീമിയത്തിലാണ് ഇൻഷുറൻസ് ഓൺലൈനായി എത്തുന്നത്. സാധാരണക്കാരനും താങ്ങാനാകുന്ന തുകയിൽ ഇൻഷുറൻസ് എത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്.പോളിസി ഉടമകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ഇൻഷുറൻസ് പങ്കാളികൾ, ഉപയോക്താക്കൾ,ഇടനിലക്കാർ, ഏജന്റുമാർ എന്നിവർക്ക് നേട്ടമുണ്ടാക്കുന്ന തരത്തിലാണ് പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ലൈഫ് ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ്, യാത്രാ ഇൻഷുറൻസ് എന്നിങ്ങനെ എല്ലാ പോളിസികളും ബീമാ സുഖത്തിലൂടെ ലഭ്യമാകും. പോളിസി ഡാറ്റയെ അടിസ്ഥാനമാക്കി ആരോഗ്യ പരിരക്ഷയും മരണനിരക്ക് ക്ലെയിമുകളും ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഇലക്ട്രോണിക് സെറ്റിൽമെന്റ് നടത്താൻ സാധിക്കും.















