ന്യൂഡൽഹി: പാവങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ വലിയൊരു പ്ലാറ്റ്‌ഫോം ലഭിക്കുന്നുവെന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് സുധാമൂർത്തി. എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ സുധാമൂർത്തിയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ നടപടിക്ക് പിന്നാലെയാണ് പ്രതികരണം.
“ഒരുപാട് സന്തോഷമുണ്ട്. കൂടുതൽ ഉത്തരവാദിത്വം ലഭിച്ചിരിക്കുകയാണ്. എന്റെ പരാമവധി ഞാൻ പ്രവർത്തിക്കും. പാവപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കാൻ വലിയൊരു പ്ലാറ്റ്‌ഫോം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. അതേസമയം ഇത് രാഷ്‌ട്രീയത്തിലേക്കുള്ള ചവിട്ടുപടിയായി കാണുന്നില്ല. ഒരു രാഷ്‌ട്രീയക്കാരിയായി എന്നെ കാണാൻ എനിക്കൊരിക്കലും സാധിക്കില്ല. ഞാനൊരു രാഷ്‌ട്രീയ നേതാവുമല്ല. രാജ്യസഭയിലേക്ക് നാമനിർദ്ദേശിക്കപ്പെട്ടയാൾ മാത്രമാണ്. എന്റെ മരുമകന് രാഷ്‌ട്രീയമുണ്ടായിരിക്കും. അത് ആ രാജ്യത്തിന് വേണ്ടിയാണ്. എന്റെ പ്രവർത്തനങ്ങളുമായി അതിനെ താരതമ്യം ചെയ്യാൻ കഴിയില്ല. ഇനിമുതൽ ഞാൻ സർക്കാരിന്റെ ജീവനക്കാരിയാണ്. എന്റെ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചുവെന്നതിൽ സന്തോഷമുണ്ട്. അദ്ദേഹത്തിന് നന്ദിയറിയിക്കുന്നു. “- സുധാമൂർത്തി പ്രതികരിച്ചു.
പദ്മശ്രീയും (2006) പദ്മഭൂഷണും (2023) നൽകി രാജ്യം ആദരിച്ചിട്ടുള്ള സുധാ മൂർത്തി, ഇൻഫോസിസ് കമ്പനി സഹസ്ഥാപകൻ എൻ.ആർ. നാരായണ മൂർത്തിയുടെ ഭാര്യയും ഇൻഫോസിസ് ഫൗണ്ടേഷന്റെ മുൻ ചെയർപേഴ്സണുമാണ്.