പത്തനംതിട്ട: KSFE-യുടെ പത്തനംതിട്ട ശാഖയിൽ മോഷണ ശ്രമം നടത്തിയ യുവാവ് പിടിയിൽ. ഓമല്ലൂർ സ്വദേശി ബോബിമോൻ ആണ് പിടിയിലായത്. സെന്റ് പീറ്റേഴ്‌സ് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന കെഎസ്എഫ്ഇയുടെ പ്രധാന ശാഖയിലാണ് പ്രതി കവർച്ചാ ശ്രമം നടത്തിയത്. കഴിഞ്ഞ മാസം 25-ന് രാത്രി 8.30-ഓടെയായിരുന്നു കേസിന് ആസ്പദമായ സംഭവം.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സംഭവ ദിവസം പ്രദേശത്ത് സംശയകരമായി കാറ് കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബോബിയെ പിടികൂടിയത്. പ്രതി സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിൽ എടുത്തു.
ഇയാളുടെ മൊബൈൽ ഫോണിൽ നിന്നും കോൾ വിവരങ്ങൾ പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു. മോഷണ ശ്രമത്തിന് ഉപയോഗിച്ച കട്ടിംഗ് മെഷീൻ, ഡ്രില്ലിംഗ് മെഷീൻ എന്നീ ആയുധങ്ങളും വസ്ത്രവും കണ്ടെടുത്തു. സംഭവത്തിൽ 1.85 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.















