ന്യൂഡൽഹി: ജമ്മുകശ്മീരിൽ വിവിധ വികസന പദ്ധതികൾക്കായി അനുവദിച്ച തുകയുടെ വിശദാംശങ്ങൾ പുറത്തുവിട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. 2,000 കോടി രൂപയുടെ വികസന പദ്ധതികളാണ് ജമ്മുകശ്മീരിൽ തുടക്കം കുറിക്കുന്നത്. 1404.94 കോടി രൂപ ചെലവഴിച്ച് നടത്തുന്ന ദേശീയ പാത-701 ന്റെ അറ്റക്കുറ്റപ്പണികളാണ് ഇതിലെ പ്രധാന വികസന പദ്ധതികളിലൊന്ന്. റാഫിയബാദ്- കുപ്‌വാര- ചൗക്കിബാൽ- തങ്ധാർ- ചാംകോട്ട് തുടങ്ങിയ മേഖയിലൂടെ പോകുന്ന പാതയുടെ വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട നിർമ്മാണങ്ങളും ഇതിന്റെ ഭാഗമായി നടക്കും.
ബാരാമുള്ളയിലും കുപ്‌വാരയിലും നടക്കുന്ന റോഡ് നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. 51 കിലോമീറ്ററുള്ള ഈ പാതയെ മികച്ച രണ്ട് വരി പാതയാക്കും. പാത വിപുലീകരിക്കുന്നതോടെ വടക്കൻ ജമ്മുകശ്മീർ ടൂറിസം മേഖല മെച്ചപ്പെടുമെന്നും ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ നല്ലതാകുമെന്നും നിധിൻ ഗഡ്കരി വ്യക്തമാക്കി.
ഇതിനുപുറമെ ശ്രീനഗർ ശങ്കാരാചാര്യ ക്ഷേത്രത്തിന് സമീപമുള്ള സബർവാൻ പാർക്ക് മുതൽ റോപ്‌വേ പദ്ധതിക്കും ഇതിന്റെ അറ്റകുറ്റപ്പണികൾക്കുമായി 126.58 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 1.05 കിലോമീറ്റർ വരെ വ്യാപിച്ചു കിടക്കുന്ന ഈ പദ്ധതി പരിസ്ഥിതി സൗഹാർദ്ദവും സൗകര്യപ്രദവുമായ യാത്ര പ്രദാനം ചെയ്യുന്നു. ശ്രീനഗർ നഗരത്തിന്റെയും ദാൽ തടാകത്തിന്റെയും മനോഹാരിത ആസ്വദിക്കുന്നതിനും ക്ഷേത്രത്തിലേക്കുള്ള യാത്രാ സമയം കുറയ്‌ക്കുന്നതിനും ഈ പദ്ധതി സഹായിക്കുമെന്നും നിതിൻ ഗഡ്കരി പറഞ്ഞു. നസ്രി- ചെന്നാനി ദേശീയപാതയുടെ അറ്റകുറ്റപ്പണികൾക്കായി 562 കോടി രൂപയും കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ടെന്നും ഇത് ഉദംപൂർ, റംബാൻ മേഖയിൽ കൂടുതൽ വികസനം എത്തുന്നതിനും കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനും ടൂറിസം മേഖല വിപുലീകരിക്കുന്നതിനും സഹായകമാകുമെന്നും അദ്ദേഹം അറിയിച്ചു.