ന്യൂഡൽഹി: രാജ്യത്തിന്റെ സമുദ്രസുരക്ഷ വർദ്ധിപ്പിക്കാൻ ലക്ഷദ്വീപിലെ ഐഎൻഎസ് ജടായുവിന് സാധിക്കുമെന്ന് നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ. ഇന്ത്യ- പസഫിക് മേഖലയിൽ തന്ത്രപ്രധാനമായ ഇടത്താണ് ഐഎൻഎസ് ജടായു സ്ഥിതി ചെയ്യുന്നത്. രാജ്യത്തിന്റെ സമുദ്രസുരക്ഷയ്‌ക്ക് വലിയ പ്രധാന്യം നൽകുന്ന നേവൽ ബേസാണ് മിനിക്കോയിലേത്. അറബിക്കടലിലെ ചലനങ്ങളെല്ലാം സൂക്ഷമമായി നിരീക്ഷിക്കാൻ നേവൽബേസിലൂടെ സാധിക്കുമെന്നും കപ്പൽക്കൊള്ളയും മയക്കുമരുന്ന് കടത്ത് തടയാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യയെ വളയുക എന്ന ചൈനയുടെ താത്പര്യത്തിനും അവരെ പിന്തുണയ്‌ക്കുന്ന മാലിദ്വീപിന്റെ നിലപാടിനും ഏറ്റ തിരിച്ചടിയാണ് മിനിക്കോയിലെ നേവൽ ബേസ്. ഒരു സ്വതന്ത്ര നാവിക യൂണിറ്റ് സ്ഥാപിക്കുന്നതോടെ ദ്വീപുകളിൽ ഇന്ത്യൻ നാവികസേനയുടെ പ്രവർത്തനശേഷി വർദ്ധിക്കും.
മിനിക്കോയിയിൽ വിവിധോദ്ദേശ്യ വിമാനത്താവളം നിർമിക്കണമെന്ന് 15 വർഷം മുമ്പ് കോസ്റ്റ് ഗാർഡ്, കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടന്നില്ല. മിനിക്കോയിയുടെ പ്രതിരോധ പ്രധാന്യം കണക്കാക്കി ഒന്നാം നരേന്ദ്രമോദി സർക്കാരാണ് നേവൽ ബേസിനായുള്ള നടപടികൾ ആരംഭിച്ചത്. കോസ്റ്റ് ഗാർഡിനും ഉപയോഗിക്കാനാകും വിധമാണ് ഐഎൻഎസ് ജടായുവിന്റെ ഡിസൈനിംഗ്. ലക്ഷദ്വീപിലേക്കുള്ള സിവിലിയൻ വിമാനങ്ങൾക്കും പറ്റുന്ന എയർപോർട്ടാണ് ഇവിടെ വികസിപ്പിക്കുക. ശ്രീനഗർ വിമാനത്താവളത്തിന്റെ മാതൃകയിലാകും ഇതിന്റെ പ്രവർത്തനം.















