തിരുവനന്തപുരം: സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് പഠനാവശ്യത്തിനായി മൃതദേഹങ്ങൾ നൽകി സംസ്ഥാന ഖജനാവ് സ്വന്തമാക്കിയത് 3.66 കോടി രൂപ. മൃതദേഹ കൈമാറ്റത്തിന് പ്രത്യേക വ്യവസ്ഥ നിലവിൽ വന്ന 2008-ന് ശേഷമുള്ള കണക്കാണിത്.
ഇതുവരെ 1,122 അവകാശികളില്ലാത്ത മൃതദേഹങ്ങളാണ് കൈമാറിയത്. 40,000 രൂപയാണ് ഒരു മൃതദേഹത്തിന് ഈടാക്കുന്നത്. എംബാം ചെയ്യാത്തവയാണെങ്കിൽ 20,000 രൂപയാണ്. എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നാണ് ഏറ്റവുമധികം മൃതദേഹങ്ങൾ കൈമാറിയത്.-599 എണ്ണം. പരിയാരം മെഡിക്കൽ കോളേജ്- 166, തൃശൂർ മെഡിക്കൽ കോളേജ്- 157, കോഴിക്കോട് മെഡിക്കൽ കോളേജ്- 99 എന്നിങ്ങനെയാണ് പിന്നിൽ.
സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് പഠനാവശ്യത്തിനായി അവകാശികളില്ലാത്ത മൃതദേഹങ്ങൾ നൽകാമെന്ന പ്രത്യേക വ്യവസ്ഥ നിലവിൽ വന്നത് 2008-ലാണ്. അതിന് മുൻപ് സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് എവിടെ നിന്ന് മൃതദേഹം കിട്ടിയെന്നത് അജ്‍ഞാതമാണ്. 2000-ന്റെ തുടക്കത്തിലാണ് കേരളത്തിൽ സ്വകാര്യ മെഡിക്കൽ കോളേജുകൾ തുടങ്ങുന്നത്. പഠനാവശ്യത്തിന് 12 കുട്ടികൾക്ക് ഒരു മൃതദേഹം എന്ന നിലയിൽ വേണം. 60 കുട്ടികൾക്ക് ഒരു ബാച്ചിന് അഞ്ച് മൃതദേഹങ്ങൾ. ഹൈക്കോടതിയിലെ നീണ്ട പോരാട്ടങ്ങൾക്കൊടുവിലാണ് പ്രത്യേക വ്യവസ്ഥയായത്.