തിരുവനന്തപുരം: കേരള സർവ്വകലാശാല കലോത്സവത്തിൽ കോഴ വാങ്ങിയ മൂന്ന് വിധികർത്താക്കൾ അറസ്റ്റിൽ. ഷാജി, ജിബിൻ, ജോമെറ്റ് എന്നിവരെയാണ് കന്റോൺമെന്റ് പോലീസ് അറസ്റ്റ് ചെയ്തത്. അപ്പീല്‍ കമ്മിറ്റി യോഗത്തിനുശേഷമാണ് മൂന്നുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. കേരള സർവ്വകലാശാല ചെയർമാൻ നൽകിയ പരാതിയിലാണ് നടപടി സ്വീകരിച്ചത്.
തിരുവനന്തപുരത്ത് നടക്കുന്ന സർവ്വകലാശാല കലോത്സവത്തിൽ കൈക്കൂലി വാങ്ങി ചിലര്‍ക്ക് അനുകൂലമായി വിധിനിര്‍ണയം നടത്തിയെന്നാണ് പരാതി. കഴിഞ്ഞ ദിവസം രാത്രി യൂണിവേഴ്സിറ്റി കോളേജിലെ മൂന്നാം വേദിയിൽ നടന്ന മാർഗം കളി മത്സരത്തിനിടയിൽ കോഴ വാങ്ങിയെന്നാണ് പരാതി. തിരുവാതിരക്കളിയിലും ഇതേ കോഴ ആരോപണം ഉയർന്നിരുന്നു.
എന്നാൽ, തങ്ങൾ കൈക്കൂലി വാങ്ങിയിട്ടില്ലെന്നാണ് മൂന്ന് വിധികർത്താക്കളും പറയുന്നത്. പ്രതിഷേധത്തെതുടര്‍ന്ന് നിര്‍ത്തിവെച്ച കലോത്സവം ഇന്ന് വൈകിട്ട് 4 മണിക്ക് പുനരാരംഭിച്ചു. മാര്‍ഗം കളി വീണ്ടും നടത്താൻ അപ്പീല്‍ കമ്മിറ്റി തീരുമാനിച്ചു. തിങ്കളാഴ്ച ഉച്ചയക്ക് ശേഷമായിരിക്കും മാര്‍ഗം കളി വീണ്ടും നടത്തുന്നത്.















